ദേശീയ മാധ്യമങ്ങള്‍ സാമുദായിക ഉദ്‌ഗ്രഥനത്തിന്‌ ശക്തിപകര്‍ന്നു: നിഅ്‌മതുല്ലാ ഹമീദി

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനതത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട്‌ നടന്ന ആള്‍ ഇന്ത്യാ ഉര്‍ദു മീഡിയാ ഡയസ്‌ സഹാറ ഡെയ്‌ലി ചീഫ്‌ എഡിറ്റര്‍ നിഅ്‌മതുല്ലാ ഹമീദി ഉദ്‌ഘാടനം ചെയ്‌തു. ദേശീയ ഉര്‍ദു മാധ്യമങ്ങള്‍ ഇന്ത്യയുടെ ദേശീയ മുന്നേറ്റത്തിലും സാമുദായിക ഉദ്‌ഗ്രഥനത്തിലും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിംകളുടെ പുരോഗമനത്തിന്‌ വേഗം നല്‍കാനും പാര്‍ശ്വവല്‍കരണത്തില്‍ നിന്നും അവരെ മോചിപ്പിക്കാനും ദേശീയ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലപ്രദമായ സംവാദങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമായ സെമിനാറില്‍ `ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹ്യ-വിദ്യാഭ്യാസ പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക്‌' എന്ന വിഷയത്തില്‍ അലവിക്കുട്ടി ഹുദവി പ്രബന്ധമവതരിപ്പിച്ചു. ഇ-ടി.വി ഉര്‍ദു ചെയര്‍മാന്‍ മുഫ്‌തി മുഹമ്മദ്‌ സല്‍മാന്‍ മുഖ്യാതിഥിയായിരുന്നു. പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, ആകാശവാണി വാര്‍ത്താവതാരകന്‍ അബ്‌ദുല്ല ഹുദവി എടച്ചലം, ന്യൂഡല്‍ഹി ബത്‌ഹ ചീഫ്‌ എഡിറ്റര്‍ ഡോ. ഹാഫിസ്‌ അഹ്‌മദ്‌ ഹസന്‍ റസ്‌വി, അബ്‌ദുല്‍ മജീദ്‌ ഹുദവി അല്‍ജസീറ-ഖത്തര്‍, മുഫ്‌തി മുശ്‌താഖ്‌ അഹ്‌മദ്‌ നിസാമി ഹൈദരാബാദ്‌, തമിഴ്‌നാട്‌ മുസ്‌ലിംലീഗ്‌ പ്രസിഡന്റ്‌ ഹസന്‍ ബാബു, മുംബൈ മിഷന്‍ കേസരി ചീഫ്‌ എഡിറ്റര്‍ അന്‍സാരി മഹ്‌ബൂബ്‌, മഹ്‌ബൂബ്‌ ഹുസൈന്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.