പുതു പ്രതീക്ഷകള്‍ നല്‍കി നാഷണല്‍ ലീഡേഴ്‌സ്‌ ഡയലോഗ്‌

മലപ്പുറം : ഇന്ത്യന്‍ മുസ്‌ലിംകളുടെ മുന്നേറ്റത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്‌ നാഷണല്‍ ലീഡേഴ്‌സ്‌ ഡയലോഗ്‌ സമാപിച്ചു. മുസ്‌ലിംകളുടെ ദേശീയ രംഗത്തെ നിലവാരം ഏറെ ദയനീയമാണെന്നും മത-ഭൗതിക വിദ്യാഭ്യാസത്തിലൂടെ അതിന്‌ പരിഹാരം കാണണമെന്നും സംഗമം ആവശ്യപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നടന്ന ക്യാമ്പ്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുന്‍ വൈസ്‌ ചെയര്‍മാന്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
`മുസ്‌ലിം ഇന്ത്യ: മുന്നോട്ടുള്ള വഴി' എന്ന പ്രമേയത്തില്‍ നടന്ന ലീഡേഴ്‌സ്‌ ഡയലോഗില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്‌ട്രീയ-മത-സാമൂഹിക രംഗങ്ങളിലെ മുസ്‌ലിം നേതാക്കള്‍ പങ്കെടുത്തു. ന്യൂഡല്‍ഹിയിലെ റസായെ മുസ്‌തഫാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഗുലാം മുസ്‌തഫാ ഖാദിരി മുഖ്യാതിഥിയായിരുന്നു. തമിഴ്‌നാട്‌ അല്‍അമീന്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. അബ്‌ദുല്ലാ, കര്‍ണാടക ഷാ ജമാഅത്ത്‌ അറബിക്‌ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ മൗലാനാ ലുക്‌മാന്‍, ആസാം മുസ്‌ലിം ലീഗ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ദിലേര്‍ ഖാന്‍, മൗലാനാ റഫീഖ്‌ ബാംഗ്ലൂര്‍, മൗലാനാ മുഫ്‌തി മുനീഫ്‌ ആലം ശേറൂര്‍, ബാംഗ്ലൂര്‍ ജാമിഅ നൂരിയ പ്രിന്‍സിപ്പല്‍ മൗലാനാ ശബീര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. 
ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി റിസര്‍ച്ച്‌ സ്‌കോളര്‍ കെ.എം ബഹാഉദ്ദീന്‍ ഹുദവി പ്രബന്ധമവതരിപ്പിച്ചു. ന്യൂഡല്‍ഹി ഹംദര്‍ദ്‌ യൂനിവേഴ്‌സിറ്റിയിലെ സഈദ്‌ ഹുദവി നാദാപുരം ആമുഖ ഭാഷണവും ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ തലവന്‍ മുഹമ്മദ്‌ ആസിഫ്‌ ഹുദവി കുടക്‌ ഉപസംഹാരവും നിര്‍വഹിച്ചു.