മലപ്പുറം : വിവര
സാങ്കേതികവിദ്യയുടെ ഉപയോഗം പുതിയ കാലത്തെ ഇസ്‌ലാമിക മുന്നേറ്റത്തിന്
ഒഴിച്ചുകൂടാനാവാത്തതാണെന്നും സാമൂഹിക മാറ്റത്തിന് അത് അനിവാര്യമാണെന്നും
ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്റ് കള്‍ച്ചര്‍ പ്രതിനിധി അബൂദര്‍
അകിക്കോസ് സില്‍വ. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍
ജൂബിലിയോടനുബന്ധിച്ച് നടന്ന സയന്‍സ് ആന്റ് ടെക്‌നോളജി സെഷന്‍ ഉദ്‌ഘാടനം ചെയ്‌ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ശാസ്‌ത്രങ്ങളും ഉത്ഭവിച്ചത് ദൈവത്തില്‍
നിന്നാണ്. ദൈവികമായ അടിത്തറയുള്ള ശാസ്‌ത്രങ്ങള്‍ക്കു മാത്രമേ ശരിയായ
നിലനില്‍പുള്ളൂ. അദ്ദേഹം പറഞ്ഞു.
സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത
വഹിച്ചു. ഡി.പി.സി.സി സെക്രട്ടറി കെ.എന്‍ ജയരാജന്‍ വിശിഷ്‌ടാതിഥിയായിരുന്നു.
ആത്മവിശ്വാസമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന് മാത്രമേ സമൂഹത്തില്‍ ക്രിയാത്മകമായ
മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉയര്‍ന്ന
ചിന്തയും മനുഷ്യസ്‌നേഹവും മുഖമുദ്രയാക്കി രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും
നന്മക്ക് വിദ്യാര്‍ത്ഥികള്‍ രംഗത്തു വരണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട്
ആവശ്യപ്പെട്ടു.
`ശാസ്‌ത്രസാങ്കേതികവിദ്യയുടെ ഇസ്‌ലാമിക മാനം', `ഇന്‍ഫര്‍മേഷന്‍
ടെക്‌നോളജിയുടെ ക്രിയാത്മക ഉപയോഗം' എന്നീ വിഷയങ്ങളില്‍ റിയാദിലെ അശ്ശഖ്‌റ
യൂനിവേഴ്‌സിറ്റി ലക്‌ചറര്‍ അബ്‌ദു റഊഫ് ഹുദവി അഞ്ചച്ചവടി, ദാറുല്‍ ഹുദാ
രജിസ്‌ട്രാര്‍ സുബൈര്‍ ഹുദവി ചേകനൂര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
കെ.
കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ, മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, മുസ്‌ലിം ലീഗ്
സംസ്ഥാന സെക്രട്ടറി കെ.എന്‍.എ ഖാദര്‍, സി. മമ്മുട്ടി, ബെഞ്ച്‌മാര്‍ക്ക്
ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്‌ടര്‍ ഹാരിസ് ഹുദവി മടപ്പള്ളി, പി.കെ നാസര്‍ ഹുദവി
കൈപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.