മലപ്പുറം : വൈജ്ഞാനിക വിപ്ലവത്തിന്റെ പുതിയ കാഹളം
മുഴക്കി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സില്‍വര്‍ ജൂബിലി
ആഘോഷങ്ങള്‍ക്ക് പ്രൗഡോജ്ജ്വല സമാപനം. അറിവിന്റെയും തിരിച്ചറിവിന്റെയും മൂന്ന്
ദിനരാത്രങ്ങള്‍ക്കു ശേഷം ജനലക്ഷങ്ങള്‍ ഒത്തുചേര്‍ന്ന സമാപന മഹാസമ്മേളനത്തോടെയാണ്
ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണത്. ഹിദായാ നഗറിന്റെ മണ്ണും മനവും കവര്‍ന്നെടുത്ത്
ദാറുല്‍ ഹുദായുടെ അങ്കണത്തില്‍ ഒരുമിച്ചു കൂടിയ ജനസഞ്ചയം കേരള ചരിത്രത്തില്‍ പുതിയ
അധ്യായം രചിക്കുന്നതായിരുന്നു. രണ്ടര പതിറ്റാണ്ടു കാലം കേരളീയ മുസ്ലിം
വിദ്യാഭ്യാസത്തിന് പകര്‍ന്ന ഈ അറിവിന്റെ തിരിവെട്ടം ഇന്ത്യയിലാകമാനം
വ്യാപിപ്പിക്കാന്‍ ഈ മഹാസംഗമത്തില്‍ ദാറുല്‍ ഹുദാ പ്രതിജ്ഞയെടുത്തു.
നോര്‍വേയിലെ
സ്കാന്റിനേവിയന്‍ യൂനിവേഴ്സിറ്റി ചെയര്മാന് ഡോ. സാമിര്‍ മുദ്ഹിര്‍ കണ്ടാക്ജി
സമ്മേളനം ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദറലി
ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊചാനസലറും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ
ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി.
പത്മശ്രീ എം.എ യൂസുഫലി, പത്മശ്രീ ഡോ. ആസാദ് മൂപ്പന് എന്നിവര്‍
വിശിഷ്ടാതിഥികളായിരുന്നു. ദാറുല്‍ ഹുദായുടെ ബംഗാള്‍ പ്രോജക്ട് വൈസ് ചാന്‍സലര്‍
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അവതരിപ്പിച്ചു.
വ്യാഴായ്ച വൈകീട്ട് നടന്ന
ബഹുജന വിളംബര ജാഥയോടെ തുടക്കം കുറിച്ച വൈജ്ഞാനിക സംഗമമാണ് ഇതോടെ സമാപിച്ചത്.
സമ്മേളന വിളംബരമറിയിച്ച് ചെമ്മാട് നഗരത്തില്‍ നടന്ന ജാഥയില്‍ വിദ്യാര്‍ത്ഥികളും
പൊതുജനങ്ങളുമടക്കം ആയിരത്തോളം പേര് അണിനിരന്നിരുന്നു. വെള്ളിയാഴ്ച വൈകീട്ട്
ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പതാക
ഉയര്‍ത്തി. മഹാരാഷ്ട്രാ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണനാണ് സമ്മേളനം ഉദ്ഘാടനം
ചെയ്തത്.
തുടര്‍ന്ന് ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വൈജ്ഞാനിക
സംവേദനങ്ങളുടെയും മൂന്നു ദിനരാത്രങ്ങളായിരുന്നു കടന്നുപോയത്. വിവിധ വിഷയങ്ങളിലുള്ള
പഠനശിബിരങ്ങളും സെമിനാറുകളും അരങ്ങേറിയ സമ്മേളനം ഉദ്ഘാടനദിനം മുതല്‍ തന്നെ
ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. സമ്മേളനത്തിന്റെ വ്യത്യസ്ത സെഷനുകളില്‍
യമന്‍, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ന്യൂസിലാന്റ്, സുഡാന്, നോര്‍വേ,
തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
രണ്ടായിരത്തോളം ക്യാമ്പ് പ്രതിനിധികള്‍ സമ്മേളനത്തിലെ
സ്ഥിരാംഗങ്ങളായിരുന്നു.
സമ്മേളനത്തിലെ ശ്രദ്ധേയ ഇനമായിരുന്ന ദേശീയ സംഗമം
ഇന്ത്യന്‍ മുസ്ലിംകളുടെ ഭാവി മുന്നേറ്റത്തിന് പുതിയ പ്രതീക്ഷകള്‍ നല്കി. ദേശീയ
മുസ്ലിംകള് കേരളീയ മാതൃക സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സമ്മേളനം ഊന്നിപ്പറഞ്ഞു.
കേരളത്തിലെ വൈജ്ഞാനിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച മത-ഭൗതിക സമന്വയ രീതിയിലുള്ള
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദാറുല്‍ ഹുദായുടെ കീഴില്‍ ഇതര സംസ്ഥാങ്ങളിലും
ആരംഭിക്കുമെന്ന ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ
പ്രഖ്യാപനവും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അവതരിപ്പിച്ച
ബംഗാള്‍ പ്രോജക്ടും ഈ പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. ദേശീയ
സംഗമത്തിന്റെ ഭാഗമായി നാഷണല്‍ ലീഡേഴ്സ് ഡയലോഗ്, നാഷണല്‍ സ്റ്റുഡന്റ്സ്
മീറ്റ്, ഉര്‍ദു മീഡിയാ ഡയസ് എന്നിവയും അരങ്ങേറി.
സമ്മേളനത്തിനു മുന്നോടിയായി
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന `നസ്ര്' ഡോക്യുമെന്ററി പ്രദര്‍ശനവും
ശ്രദ്ധയാകര്‍ഷിച്ചു. മുസ്ലിം പൈതൃകങ്ങളുടെയും ഇസ്ലാമിക കലകളുടെയും
നേര്‍ക്കാഴ്ചയായിരുന്നു രണ്ടു ദിവസം നീണ്ടുനിന്ന ഡോക്യു ഫെസ്റ്റ്.
ലോക
മുസ്ലിംകളുടെ വര്‍ത്തമാനവും ഭാവിയും ചര്‍ച്ചചെയ്ത `മുസ്ലിം ലോകം ദൂരക്കാഴ്ച'
അവലോകന സെമിനാര്‍, ആധ്യാത്മികതയുടെ അകപ്പൊരുളുകള്‍ തേടിയ ആത്മീയ സംഗമം, ഇസ്ലാമിക
സാമ്പത്തിക സെമിനാര്‍, ഫിഖ്ഹ് കോണ്‍ഫറന്‍സ്, അഹ്ലുസ്സുന്ന ആശയ സംവേദനം,
സയന്‍സ് ആന്റ് ടെക്നോളജി സെമിനാര്‍, പ്രഭാത ചിന്ത എന്നിവയും സമ്മേളനത്തിലെ
ശ്രദ്ധേയ ഇനങ്ങളായിരുന്നു. വിവിധ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും ഗവേഷക
പണ്ഡിതരും സെമിനാറുകളില്‍ പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇസ്താംബൂള്‍
ഫൗണ്ടേഷന് ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി പ്രതിനിധികളായ ആകിഫ് കനാലിസി,
അബൂദര് അകികോസ്, അബ്ദുല്‍ കരീം എ. സ്വമദ് ന്യൂസിലാന്റ്, ഡോ. മുസ്തഫാ
നജ്മുല്‍ ഖാദിരി, ഇ.ടി.വി ചെയര്മാന് മുഫ്തി മുഹമ്മദ് സല്മാന്, ഡോ. ഹാഫിസ്
അഹ്മദ് ഹസന് റസ്വി ഹൈദരാബാദ്, ഡോ. അബ്ദുല്ല തമിഴ്നാട്, മുസ്ലിം ലീഗ്
സംസ്ഥാന ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി, കെ.
ആലിക്കുട്ടി മുസ്ലിയാര്, കോട്ടുമല ബാപ്പുമുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവ്, ഹാജി യു. മുഹമ്മദ് ശാഫി, അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, കെ.പി
ശംസുദ്ദീന്‍ ഹാജി വെളിമുക്ക് എന്നിവര്‍ പ്രസംഗിച്ചു.