ചിന്തിപ്പിച്ചും രസിപ്പിച്ചും ടീനേജേഴ്‌സ്‌ മീറ്റ്‌

ചെമ്മാട്‌ : വിദ്യാര്‍ത്ഥികള്‍ക്ക്‌ ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള പുതുചിന്തകള്‍ പകര്‍ന്ന്‌ ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന ടീനേജ്‌ മീറ്റ്‌ സമാപിച്ചു. ഇന്നലെ രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ നാലു മണി വരെ മീറ്റ്‌ നീണ്ടുനിന്നു. പ്രശസ്‌ത എഴുത്തുകാരന്‍ പികെ പാറക്കടവ്‌ ഉദ്‌ഘാടനം ചെയ്‌തു. കൗമാരമാണ്‌ വ്യക്തിയെ നിയന്ത്രിക്കുന്നതെന്നും ചെറുപ്പക്കാര്‍ വായനയെ വളമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപ്പാറ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എസ്‌.വി മുഹമ്മദലി മാസ്റ്റര്‍ `ഫ്രൂട്ട്‌സ്‌ അറ്റ്‌ ദി റൂട്ട്‌സ്‌' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. ശിയാസ്‌ അഹ്‌മദ്‌ ഹുദവി, പികെ ശരീഫ്‌ ഹുദവി എന്നിവരുടെ പ്രബന്ധാവതരണങ്ങളും മീറ്റിന്‌ മിഴിവേകി. 
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കരിയര്‍ തെരഞ്ഞെടുക്കുന്നതിലുള്ള ആശങ്കകളകറ്റുകയായിരുന്നു ടീനേജ്‌ഴ്‌സ്‌ മീറ്റിന്റെ ലക്ഷ്യം. വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉന്നതപഠനം ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മീറ്റ്‌ വഴിവെളിച്ചമായി.