വിഘടിതര്‍ ഈ ഫിത്ന അവസാനിപ്പിക്കണം


വിറളി പൂണ്ടിട്ട് കാര്യമില്ല. ആത്മീയതയെ വില്‍പനച്ചരക്കാക്കാത്ത സമസ്ത കേരള ജംഇയ്യതുല്‍ ഉലമയോ മറ്റു സുന്നി സംഘടനകളോ വെട്ടിലാവേണ്ട ആവശ്യമില്ല. അവരാരും കേശവും കൂപ്പണുമായി നടക്കുന്നില്ലല്ലോ?
തിരുശേഷിപ്പുകളോടല്ല; ഇതുവരെ സനദ് തെളിയിക്കപ്പെടാത്ത വ്യാജ കേശത്തോടാണ് സുന്നികള്‍ക്ക് വിരോധം. നബിയുടെ തിരുശേഷിപ്പുകളൊന്നും സനദ് (നബിവരെ എത്തുന്ന വിശ്വാസയോഗ്യ പരമ്പര) ഇല്ലാതെ അംഗീകരിക്കാന്‍ പറ്റില്ല. ഇത് ലോക മുസ്‌ലിം പണ്ഡിതന്മാരുടെ തീരുമാനമാണ്.
സത്യവിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി പണിയുന്ന പള്ളിയെ അംഗീകരിക്കരുതെന്ന് ഖുര്‍ആന്‍ ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. 'ഉപദ്രവിക്കല്‍, സത്യം നിഷേധിക്കല്‍, വിശ്വാസികളെ പരസ്‌പരം ഭിന്നിപ്പിക്കല്‍, മുമ്പ് തന്നെ അല്ലാഹുവിനോടും പ്രവാചകനോടും യുദ്ധം ചെയ്യുന്നവര്‍ക്ക് താവളം ഒരുക്കല്‍ എന്നിവക്കുവേണ്ടി പള്ളിയുണ്ടാക്കിയവര്‍ ഞങ്ങള്‍ ഉത്തമ കേന്ദ്രമാണുദ്ദേശിക്കുന്നതെന്ന് സത്യം ചെയ്ത് പറയുമെങ്കിലും കളവാണ് അവര്‍ പറയുന്നതെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു' (തൗബ 107). 'ആ പള്ളിയില്‍ താങ്കള്‍ ഒരിക്കലും നമസ്‌കരിക്കരുത്. ഭയഭക്തി ലക്ഷ്യമിട്ട് (ഭൗതിക താല്‍പര്യമില്ലാതെ) ആദ്യമുണ്ടാക്കപ്പെട്ട പള്ളിയാണ് നമസ്‌കരിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത്' (തൗബ 108).
പള്ളിയെന്നോ, തിരുശേഷിപ്പുകളെന്നോ കേള്‍ക്കുമ്പോള്‍ വഞ്ചിതരാകരുതെന്ന മഹത്തായ പാഠമാണ് ഇതില്‍നിന്ന് മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നത്. ഞങ്ങള്‍ പള്ളിയുണ്ടാക്കുന്നു; മുഹമ്മദ് നബി ഉദ്ഘാടനം ചെയ്യുമെന്ന് പ്രചാരണം നടത്തി കപടന്മാര്‍ നിര്‍മിച്ച പള്ളിയെക്കുറിച്ചാണ് അല്ലാഹു ശക്തിയായി ശകാരിച്ചതും വിരോധിച്ചതും. അവിശ്വാസം ശക്തിപ്പെടലും സത്യവിശ്വാസികള്‍ പരസ്‌പരം ഭിന്നിക്കലുമാണ് ഇത്തരം പള്ളികളുടെ പരിണിത ഫലമെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. ഞങ്ങള്‍ ആയിരം പള്ളിയുണ്ടാക്കിയെന്നവകാശപ്പെടുന്നവര്‍ എവിടെയൊക്കെയാണീ പള്ളികള്‍ നിര്‍മിച്ചതെന്ന് മാറത്ത് കൈവെച്ച് ചിന്തിക്കന്‍ അല്‍പം ദീനുള്ളവരോട് അഭ്യര്‍ഥിക്കുന്നു. ഒന്നായി ജീവിച്ച് നടന്നുവന്ന സുന്നിമഹല്ലുകളില്‍ പള്ളിക്കടുത്ത് വേറെ പള്ളിയുണ്ടാക്കി ഖുര്‍ആന്‍ പറഞ്ഞപോലെ ഒരിക്കലും അടുക്കാന്‍ കഴിയാതെ സത്യവിശ്വാസികളെ പരസ്‌പരം അകറ്റിയും കുഴപ്പങ്ങള്‍ സൃഷ്ടിച്ചുമല്ലേ അധികവും ഉണ്ടാക്കിയത്? ഇപ്പോഴുണ്ടാക്കുമെന്ന്പറയുന്ന ഗ്രാന്‍ഡ് മോസ്‌കും സത്യവിശ്വാസികളെ ഭിന്നിപ്പിക്കുന്നതിന് തന്നെ. ചെറിയ ചെറിയ സംഖ്യകൊണ്ടാണ് മനുഷ്യമനസ്സുകളെ ആദ്യം അകറ്റിയതെങ്കില്‍ ഇപ്പോള്‍ കോടികളെ കൊണ്ടാണെന്ന്മാത്രം. ബുദ്ധിയുണ്ടെങ്കില്‍ ചിന്തിക്കുക.
ചേന്ദമംഗലൂര്‍, കൊടുവള്ളി, പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നുവരുന്ന സ്ഥാപനങ്ങളുടെ പേരില്‍ അഴിമതി നടത്തിയെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിരിക്കുന്നു. ഈ സ്ഥലങ്ങളില്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ എനിക്ക് ബന്ധമുള്ളത് സുന്നിയ്യ കോളജും ശംസുല്‍ ഉലമാ കോപ്ലക്‌സും കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ സ്മാരക ഖുര്‍ആന്‍ കോളജുമാണ്. ഇവകളെല്ലാം സ്ഥാപിതമായത് മുതല്‍ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണെനിക്ക്. സുന്നത്ത് ജമാഅത്തിന്റെ പ്രസ്തുത സ്ഥാപനങ്ങളുടെ പ്രധാന സ്ഥാനങ്ങളില്‍ ഇന്നും വിനീതന്‍ തുടരുന്നു. കണക്കും റിപ്പോര്‍ട്ടുമെല്ലാം സൂക്ഷിക്കുന്ന രജിസ്റ്റര്‍ചെയ്ത  കമ്മിറ്റികള്‍ അതിനൊക്കെയുണ്ട്. ഒരഴിമതിയും ഉത്തരവാദപ്പെട്ടവര്‍ എന്റെ പേരില്‍ ആരോപിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ ഇപ്പോഴും തുടരുന്നത്. ആരോപിച്ചവര്‍ അത് തെളിയിക്കേണ്ടിവരും.
മുസ്‌ലിം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഫിത്‌ന അവസാനിപ്പിക്കലാണ് നല്ലത്. സുന്നി ഐക്യം സുമനസ്സുകള്‍ ആഗ്രഹിക്കുകയും അതിന്റെ പ്രവര്‍ത്തനം കുറേ മുന്നോട്ടുപോകുകയും ചെയ്തിരുന്നു. അപ്പോഴല്ലെ കേശവും പള്ളിയും കൂപ്പണുമായി ഇറങ്ങിത്തിരിച്ചത്. ആരാണ് ഉത്തരവാദി?
സനദാണെന്നും പറഞ്ഞു മര്‍കസ് സമ്മേളനത്തില്‍ ഒന്ന് വായിച്ചു. അത് നസബ (കുടുംബ പരമ്പര)യാണ് സനദു വേറെയുണ്ടെന്ന് തിരുത്തി. കാരന്തൂരുണ്ടെന്നും, കുറ്റിയാടിയാണെന്നും പ്രസംഗിച്ചു. ഇപ്പോള്‍ പറയുന്നു അബൂദബിയിലാണ്;  അവിടെ ചെല്ലണമെന്ന്. തിരുകേശം കാരന്തൂരും സനദ് അബൂദബിയിലും; വിരോധാഭാസം!
മഹതി ഉമ്മുസലമയുടെ അടുക്കല്‍ നബിയുടെ വിശുദ്ധ മുടിയുണ്ടായിരുന്നുവെന്നും ജനങ്ങള്‍ ബര്‍കത്തെടുക്കാനും, രോഗം മാറാനും അതുപയോഗിച്ചിരുന്നുവെന്നും ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. അത് നാം അംഗീകരിക്കുന്നു. നബിയുടെ തിരു കേശമാണത്. വ്യാജമല്ല
-യു.കെ. അബ്ദുലത്തീഫ് മൗലവി ( കടപ്പാട്, ലേഖനം 30-05-2011)