ദോഹ : ആഗോള മുസ്‌ലിം പണ്ഡിതന്മാരുടെ
അന്താരാഷ്‌ട്ര പൊതു വേദിയായ അല്‍ ഇത്തിഹാദുല്‍ ആലമി ലി ഉലമാഇല്‍ മുസ്‌ലിമീന്‍
(ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സി)ല്‍ ദാറുല്‍ ഹുദാ
ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ സംസ്ഥാന ജന.സെക്രട്ടറിയുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക്
അംഗത്വം നല്‍കിയതായി സെക്രട്ടറി ജനറല്‍ ഡോ.അലി മുഹ്‌യുദ്ദീന്‍ അല്‍ ഖറദാഗി
അറിയിച്ചു.
കഴിഞ്ഞ ദിവസം ദോഹയിലെ ആസ്ഥാനത്ത് ചേര്‍ന്ന ഫെഡറേഷന്റെ
എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഖത്തര്‍ ഹാദിയ ചാപ്‌റ്റര്‍ നേതാക്കളായ ഹാഫിള്
ഇസ്‌മാഈല്‍ ഹുദവി, മജീദ് ഹുദവി പുതുപ്പറമ്പ്, ഫൈസല്‍ ഹുദവി പട്ടാമ്പി
എന്നിവരുമായി പ്രശസ്‌ത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും കൂടിയായ ഡോ.അലി
മുഹ്‌യിദ്ദീന്‍ നടത്തിയ സംഭാഷണത്തിലാണ് ബഹാഉദ്ദീന്‍ നദ്‌വിക്ക് മെമ്പര്‍ഷിപ്പ്
നല്‍കിയ കാര്യം വ്യക്തമാക്കിയത്. പണ്ഡിതോചിതമായ സാമുദായിക ബാധ്യതകള്‍
നിര്‍വഹിക്കുക, ആവശ്യാനുസൃതമായ മറ്റു ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക,
ധിഷണാശാലികളായ പണ്ഡിതരെ ഒരു പ്ലാറ്റ് ഫോമില്‍ അണി നിരത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍
മുന്നില്‍ കണ്ട് രൂപീകൃതമായ ഈ സംഘടനക്ക് യു.കെയിലെ ഡബ്‌ളിനിലും ഈജിപ്‌ത്,
ഖത്തര്‍ എന്നിവിടങ്ങളിലും ആസ്ഥാനങ്ങളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള
വ്യത്യസ്ഥ മദ്‌ഹബുകാരും ചിന്താഗതിക്കാരുമായ പ്രഗത്ഭ പണ്ഡിത ശ്രേഷ്‌ഠര്‍ ഇതില്‍
അംഗങ്ങളാണ്.
അന്താരാഷ്‌ട്ര തലത്തിലുള്ള നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയ
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ജാമിഅ നൂരിയ്യ, ദാറുല്‍ ഉലൂം ലഖ്‌നൗ, അലിഗര്‍
മുസ്‌ലിം യൂണിവേഴ്‌സിറ്റി, അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിറ്റി കൈറോ, എന്നിവിടങ്ങളില്‍
പഠനം നടത്തിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും
പോസ്റ്റ് ഡോക്‌ടറല്‍ ഫെലോഷിപ്പും നേടിയ ഇദ്ദേഹം 97ല്‍ ദുബൈ ഗവണ്‍മെന്റിന്റെ ഹോളി
ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷണ പരിപാടികളിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.
കുവൈത്തിന്റെ അല്‍മഹബ്ബ എക്‌സെലന്‍സി അവാര്‍ഡ്, ജൈഹൂന്‍ ടി.വി അവാര്‍ഡ് എന്നിവയും
നേടിയിട്ടുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്,
ഫ്രാന്‍സ്, തുര്‍ക്കി, മലേഷ്യ തുടങ്ങി 30ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.