SYS റിയാദ് : SYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജ്‍ലിയും സംഘടിപ്പിച്ചു. ഋഷിതുല്യനായ പണ്ഡിത വരേണ്യനും ആത്മീയ നായകനുമായിരുന്ന മഹാനുഭാവന്‍റെ വിയോഗം മുസ്‍ലിം കൈരളിക്കേറ്റ കനത്ത വിടവാണെന്ന് സമ്മേളന പ്രമേയം ചൂണ്ടിക്കാട്ടി. നിരാലംബരുടെ അത്താണിയും മാറാരോഗികളുടെ അഭയവുമായി മാറി സകലരുടെയും പിന്തുണ നേടിയ തങ്ങള്‍ ജനമനസ്സുകളില്‍ കെടാവിളക്കായി എന്നെന്നും പ്രോജ്വലിച്ച് നില്‍ക്കും. സ മുദായിക മൈത്രി കാത്തു സൂക്ഷിക്കുന്നതിലും അതൊരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്ത സര്‍വ്വ മത സാഹോദര്യം പ്രയോഗിക തലത്തില്‍ കൊണ്ടുവന്ന അപൂര്‍വ്വ വ്യക്തി കൂടിയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍ . മുസ്‍ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരത്തിരിക്കുന്പോഴും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആദരവ് പിടിച്ചു പറ്റിയവര്‍ ചരിത്രത്തില്‍ വിരളമായിരിക്കും. ബഹുഭൂരിപക്ഷം വരുന്ന മുസ്‍ലിം വിഭാഗത്തിന്‍റെ സത്യസരണിയായ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വഴികാട്ടിയും ഉപദേശകനുമായിരുന്ന തങ്ങളുടെ വേര്‍പ്പാട് സമസ്തക്കും തീരാനഷ്ടമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ അംഗീകരിക്കുന്ന നൂറുക്കണക്കിന് മഹല്ലുകളുടെ ഖാസിയും ആയിരത്തോളം മതസ്ഥാപനങ്ങളുടെ അധ്യക്ഷനുമായിരുന്നു തങ്ങള്‍ . സമസ്തയുടെ സുപ്രധാന തീരുമാനങ്ങളുടെ അവസാന വാക്കും കൊടപ്പനക്കല്‍ തറവാടായിരുന്നു. തങ്ങളുടെ പരലോക മോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.
പ്രമുഖ പണ്ഡിതന്‍ അന്‍വര്‍ അബ്ദുല്ല ഹള്ഫരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രസിഡന്‍റ് ശാഫി ദാരിമി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റംഗങ്ങളായ മൊയ്തീന്‍ കുട്ടി തെന്നല, ബഷീര്‍ ഫൈസി ചെക്കരാപറന്പ്, അബ്ദുല്ല ഫൈസി കണ്ണൂര്‍ , ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി നൌഷാദ് അന്‍വരി പ്രമേയം അവതരിപ്പിച്ചു. കരീം ഫൈസി ചേരൂര്‍ സ്വാഗതവും മജീദ് പതപ്പിരിയം നന്ദിയും പറഞ്ഞു.