ജിദ്ദ : മറ്റാരായാലും ശ്രദ്ധിക്കപ്പെടാതെ പോവുന്ന നിലവിളികളിലേക്ക് തുറന്നു പിടിച്ച ആര്‍ദ്രതയായിരുന്നു ശിഹാബ് തങ്ങളെന്നും ഹൃദയങ്ങളില്‍ നിന്ന് ഹൃദയത്തിലേക്ക് തീര്‍ത്ത സ്നേഹത്തിന്‍റെ ഒറ്റത്തടിപ്പാലമായിരുന്നു ആ ജീവിതമെന്നും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചന്ദ്രിക മലപ്പുറം ജില്ലാ ബ്യൂറോ ചീഫുമായ സി.പി. സൈതലവി പറഞ്ഞു.
ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേറിട്ടു പോകുമായിരുന്ന അനേകം കുടുംബ ബന്ധങ്ങളാണ് ശിഹാബ് തങ്ങള്‍ വിളക്കിച്ചേര്‍ത്തത്. മറ്റൊരു കോടതിയിലും തീര്‍പ്പാകാതെ പോയ പകയുടെ വൈരാഗ്യത്തിന്‍റെ അകലങ്ങള്‍ ആ സാന്നിധ്യത്തില്‍ നിമിഷങ്ങള്‍ കൊണ്ട് ഒന്നാകുന്നതും വിദ്വേഷത്തിന്‍റെ രണ്ടു ധ്രുവങ്ങളില്‍ ആ കോടതിയിലേക്ക് കോറിപ്പോയി പരസ്പരം ചേര്‍ത്തു പിടിച്ച് കൊണ്ട് കൈകോര്‍ത്ത് ഇറങ്ങിപ്പോരുന്നതുമായ ആയിരക്കണക്കിന് രംഗങ്ങള്‍ക്കാണ് കൊടപ്പനക്കല്‍ തറവാട് മൂകസാക്ഷിയായതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷുഭിത യൌവ്വനങ്ങള്‍ പോലും ആ ഖബറിടത്തില്‍ പോയി കണ്ണീര്‍ വാര്‍ക്കുന്നത് കണ്ടിട്ടുണ്ട്. സങ്കടങ്ങള്‍ തീര്‍ക്കാനും കേള്‍ക്കാനും രാവോ പകലോ രോഗാവസ്ഥയോ കാലാവസ്ഥയോ തങ്ങള്‍ക്ക് പ്രശ്നമായിരുന്നില്ല. ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയിലും വാതിലിനപ്പുറത്ത് നിന്ന് ഉയരുന്ന നിലവിളിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശിഹാബ് തങ്ങള്‍ ഇസ്‍ലാമിക സംസ്ക്കാരത്തിന്‍റെ ജീവിക്കുന്ന ദര്‍ശനവുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. നാസര്‍ അനുസ്മരണ ഗാനം ആലപിച്ചു. ഉസ്മാന്‍ ഇരിങ്ങാട്ടിരി സ്വാഗതവും മജീദ് പുകയൂര്‍ നന്ദിയും പറഞ്ഞു.