'വിദ്യാഭ്യാസ കേരളത്തിന് തീരാ നഷ്ടം' - ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി

ജിദ്ദ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം വിദ്യാഭ്യാസ കേരളത്തിന് തീരാ നഷ്ടമാണ് വരുത്തിവെച്ചതെന്നും കേരള മുസ്‍ലിംകളുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ ഉന്നമനത്തിന് ശിഹാബ് തങ്ങള്‍ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി അനാഥ അഗതി മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സമുച്ചയങ്ങളുടെയും സാരഥിയായിരുന്ന തങ്ങള്‍ വിദ്യാഭ്യാസ കേരളം നാളിതു വരെ കൈവരിച്ച കുതിച്ചു ചാട്ടത്തിന്‍റെ പ്രധാന ശില്‍പിയും നായകനുമായിരുന്നുവെന്നും കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍റര്‍ ജിദ്ദാ കമ്മിറ്റി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

ജിദ്ദാ ഇസ്‍ലാമിക സെന്‍ററില്‍ ചേര്‍ന്ന അനുസ്മരണ യോഗം സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദാ കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. അബ്ദു ഹാജി മാന്പുഴ അദ്ധ്യക്ഷം വഹിച്ചു. പടിപ്പുര ഉസ്മാന്‍ , ഒറ്റകത്ത് ഇന്പിച്ചിക്കോയ തങ്ങള്‍ , ഉസ്‍മാന്‍ ഇരിങ്ങാട്ടിരി, മുസ്‍തഫ റഹ്‍മാനി, എന്‍ . കെ. ഷാജഹാന്‍ , പി.കെ. നാസര്‍ , മുരിങ്ങാക്കല്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി സൈതലവി എന്ന കുഞ്ഞുട്ടി സ്വാഗതവും ട്രഷറര്‍ ഇ.കെ. യൂസുഫ് നന്ദിയും പറഞ്ഞു.