ഇനി... ജനഹൃദയങ്ങളില്

മലപ്പുറം : ജനലക്ഷങ്ങളുടെ വിതുന്പലുകളടെയും നിറമിഴികളുടെയും അകന്പടിയില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കേരളം വിടനല്‍കി. പാണക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകീട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന്‍റെ ഭൗതികശരീരം അടക്കം ചെയ്യുന്പോള്‍ ഒരുനോക്കു കാണാന്‍ ഒഴുകിയെത്തിയവരെകൊണ്ട് മലപ്പുറത്തെ എല്ലാ പാതകളും നിറഞ്ഞിരുന്നു.

ഞായറാഴ്ച ഉച്ചക്ക് മൂന്നുമണിക്കാണ് ജനനായകന്‍റെ മൃതദേഹം മണ്ണിനോട് ചേര്‍ന്നത്. അണമുറിയാത്ത ജനസഞ്ചയത്തിന്‍റെ പ്രാര്‍ത്ഥനക്കിടയില്‍ സഹോദരന്‍ ഹൈദരലി ശിഹാബ്തങ്ങളാണ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്.

ശനിയാഴ്ച രാത്രിയിലെ ജനപ്രവാഹം ഞായറാഴ്ച രാവിലെയായതോടെ വന്‍ സാഗരമായി മാറി. അക്ഷരാര്‍ത്ഥത്തില്‍ മലപ്പുറത്തേക്ക് ജനങ്ങള്‍ ഒഴുകുകയായിരുന്നു. രാവിലെ ഏഴുമണിയോടെ മൃതദേഹം മലപ്പുറം മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ടൌണ്‍ഹാളിലും പരിസരത്തും അപ്പോഴേക്കും സൂചികുത്താനിടമില്ലാത്ത വിധം ജനം തിങ്ങിനിറഞ്ഞു കഴിഞ്ഞിരുന്നു. ആത്മീയ നേതാവിനെ കാണാന്‍ മണിക്കൂറുകളോളം ജനങ്ങള്‍ ക്യൂ നിന്നു.

അഞ്ച് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിനു ശേഷവും മൃതദേഹം ഒരുനോക്ക് കാണാനാവാതെ ആയിരങ്ങളാണ് വഴിയരികില്‍ പ്രാര്‍ത്ഥനകളോടെ നിന്നത്. ഉച്ചക്ക് രണ്ടുമണിക്കാണ് പൊതുദര്‍ശനം അവസാനിപ്പിച്ച് മൃതദേഹം പാണക്കാട് ജുമാസ്ജിദിലേക്ക് കൊണ്ടുപോയത്.