കരുവാരക്കുണ്ട് ദാറുന്നജാത്തിലെ അന്തേവാസികള്‍ക്ക് പെരുന്നാള്‍ പുടവ






ജിദ്ദ : കരുവാരക്കുണ്ട് ദാറുന്നജാത്തിലെ അന്തേവാസികളായ അഗതി അനാഥ കുട്ടികള്‍ക്ക് 'നമ്മുടെ കുട്ടികളുടേതു പോലുള്ള പെരുന്നാള്‍ പുടവ' പദ്ധതിയുടെ സഹായ സമാഹരണത്തിന്‍റെ ഉദ്ഘാടനം ആലുങ്ങല്‍ അബ്ദുട്ടിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ട് ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ നിര്‍വ്വഹിച്ചു.



പ്രമുഖ പണ്ഡിതനായിരുന്ന കെ.ടി. മാനു മുസ്ലിയാര്‍ 1976 ല്‍ സ്ഥാപിച്ച ദാറുന്നജാത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഈ പദ്ധതിയിലൂടെ 350 അന്തേവാസികള്‍ക്കും അവരെ പരിപാലിക്കുന്നവര്‍ക്കുമാണ് പുതു വസ്ത്രം നല്‍കുക.



ഇതു സംബന്ധമായി ചേര്‍ന്ന യോഗം സയ്യിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. അഗതി അനാഥ സംരക്ഷണത്തിനും അവരുടെ സന്തോഷത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതും സഹായിക്കുന്നതും പ്രവാചക സാന്നിധ്യമെന്ന വലിയ സൗഭാഗ്യം ലഭ്യമാവുന്ന മഹത് കര്‍മ്മമാണെന്നും നടു വിരലും ചൂണ്ടു വിരലും ഉയര്‍ത്തിക്കാട്ടി ഞാനും അനാഥകളെ സംരക്ഷിക്കുന്നവനും സ്വര്‍ഗ്ഗത്തില്‍ ഇപ്രകാരമായിരിക്കുമെന്ന തിരുവചനം ഇതാണ് അര്‍ഥമാക്കുന്നതെന്നും ഉബൈദുല്ല തങ്ങള്‍ പറഞ്ഞു. സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം നല്‍കല്‍ മാത്രമല്ല. വസ്ത്രം ധരിപ്പിക്കലും വിദ്യാഭ്യാസം നല്‍കി ഉത്തമ പൗരന്മാരാക്കി അവരെ വളര്‍ത്തിക്കൊണ്ടു വരലും കൂടിയാണ്. പുണ്യങ്ങള്‍ക്ക് ഏറെ പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമദാനില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നത് ഏറ്റവും നല്ല ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.



പ്രസിഡന്‍റ് കെ.കെ. അബ്ദു ഹാജി മാന്പുഴ അധ്യക്ഷത വഹിച്ചു. പടിപ്പുറ ഉസ്മാന്‍ , ആലുങ്ങല്‍ നാണി, മുസ്ഥഫ റഹ്‍മാനി, എന്‍ .കെ. ഷാജഹാന്‍ , ബഷീര്‍ വാക്കോട്, അബ്ദു കൊറ്റം കോടന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കിംഗ് സെക്രട്ടറി സൈതലവി എന്ന കുഞ്ഞുട്ടി സ്വാഗതവും ട്രഷറര്‍ ഇ.കെ. യൂസുഫ് നന്ദിയും പറഞ്ഞു.