ദൈവ സങ്കല്‍പം ഏകത്വം

ദൈവ സങ്കല്പം ഏകത്വം; തൗഹീദ്/വഹ്ദാനിയ്യത്ത്

തൗഹീദിലെ വിഭജനം

ബഹുത്വത്തിന്റെ വിപരീതമാണിത്. തൗഹീദ് എന്നാല് ഭാഷാപരമായി ഏകീകരിക്കുക എന്നര്ത്ഥം. തൗഹീദിനെ മൂന്നിനങ്ങളാക്കി തിരിച്ച് വിഭജനം നടത്താം;

ഒന്ന്: സത്ത(ദാത്ത്)യിലെ ഏകത്വം

അല്ലാഹുവിന്റെ സത്ത രണേ്ടാ അതിലധികമോ വസ്തുക്കളില് നിന്ന് മിശ്രിതമായുണ്ടായതല്ല. അവന്റെ സത്തക്ക് തുല്യനുമില്ല.

രണ്ട്: ഗുണങ്ങളിലെ ഏകത്വം

ഒരേ ജനുസ്സില്പെട്ട രണ്ടു ഗുണങ്ങളുണ്ടാവില്ല, അല്ലാഹുവിന്. രണ്ടു ഖുദ്റത്തുകള് ഉദാഹരണം.

മൂന്ന്: പ്രവൃത്തികളിലെ ഏകത്വം

ഉണ്മയിലേക്ക് വരുന്ന മുഴുവന് കാര്യങ്ങളുടെയും സ്രഷ്ടാവ് അവനാണ്. അല്ലാഹു പറയുന്നു: നിങ്ങളെയും നിങ്ങളറിയുന്നതിനെയും സൃഷ്ടിച്ചത് അല്ലാഹുവത്രെ. (തന്വീറുല് ഖുലൂബ്, പുറം 17)

തൗഹീദിന്റെ യുക്തിഭദ്രത

യുക്തിയും ബുദ്ധിയും ആവശ്യപ്പെടുന്നതും അവരണ്ടിന്റെയും പിന്ബലമുള്ളതുമാണ് ഏകദൈവ വിശ്വാസം. അല്ലാഹു ഏകനാകുന്നു; അവനല്ലാതെ ആരാധ്യനില്ല എന്നു പറഞ്ഞാല് പിന്നെ ഒരു സംശയത്തിനും ചോദ്യത്തിനും സ്ഥാനമില്ല, അവിടെ. അതേ സമയം, ബഹുദൈവ വിശ്വാസമാവുമ്പോള് ഒട്ടേറെ സംശയങ്ങളും സന്ദേഹങ്ങളും ഉടലെടുക്കുന്നു.

ലാഇലാഹ ഇല്ലല്ലാഹ് എന്നാല് ആരാധനക്കര്ഹനായി യഥാര്ത്ഥത്തില് അല്ലാഹു ഒഴികെ മറ്റാരുമില്ല എന്നാണര്ത്ഥം. കലിമതുത്തൗഹീദ് അതിന്റെ പൂര്ണാര്ത്ഥത്തില് ഉള്ക്കൊള്ളുകയും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്താലല്ലാതെ ഒരാള് മുസ്ലിമാവുകയില്ല. അല്ലാഹുവല്ലാതെ വ്യക്തികള്ക്കോ വസ്തുക്കള്ക്കോ ആരാധന ചെയ്യുന്നതാണ് ശിര്ക്ക് അഥവാ ബഹുദൈവ വിശ്വാസം. ഇബാദത്തിന് ആരാധന എന്നാണ് സാങ്കേതികാര്ത്ഥം. അനുസരണയും അടിമവേലയും ഇബാദതിന്റെ കീഴെ വരുന്നില്ല. തൗഹീദിന്റെ അര്ത്ഥം വിശദീകരിച്ചു കൊണ്ട് അബ്ദുല് ഹകീം എഴുതുന്നു: “നിര്ബന്ധാസ്തിത്വത്തില് അല്ലാഹുവിന് പങ്കാളിയില്ലെന്ന് വിശ്വസിക്കലാണ് തൗഹീദ്.’ (അബ്ദുല് ഹകീം, പുറം 112)

അല്ലാഹുവിന്റെ അസ്തിത്വം സ്ഥാപിച്ചുകൊണ്ട് തൗഹീദ് പ്രചരിപ്പിക്കാനും ശിര്ക്കിനെ ൂലനം ചെയ്യാനുമാണ് പ്രവാചകാര് നിയുക്തരായത്. അവര് പ്രബോധനം ചെയ്തത് മുഴുവന് ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമതുത്തൗഹീദായിരുന്നു.

അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങളുണെ്ടന്നു വിശ്വസിക്കുകയും അവക്ക് ആരാധനകളര്പ്പിക്കുകയും ചെയ്തിരുന്ന മക്കാമുശ്രിക്കുകളുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് വിശുദ്ധ ഖുര്ആനില് നിരവധി വാക്യങ്ങള് കാണാവുന്നതാണ്.

ചില ഖുര്ആനിക തെളിവുകള്

ഒന്നാമതായി,

സൂറത്തുല് അന്ആം 19 ാം ആയത്ത്: പറയുക, നിശ്ചയം അവന് ഏകനായ ദൈവം മാത്രമാണ്. നിശ്ചയം നിങ്ങള് പങ്കു ചേര്ക്കുന്നതില് നിന്ന് ഞാന് ഒഴിവായവനാണ്.’

ബഹുദൈവാരാധനയെ ഖണ്ഡിച്ചും ഏകദൈവവിശ്വാസം സ്ഥാപിച്ചും വിശുദ്ധ ഖുര്ആന് ഒരു അധ്യായം തന്നെ അവതരിപ്പിക്കുകയുണ്ടായി. അല്ലാഹു പറയുന്നു: സൂറത്തുല് ഇഖ്ിലാസിലെ ആയത്തുകള്:

നബിയേ, പറയുക; അവന് അല്ലാഹു ഏകനാണ്. അല്ലാഹു ഒന്നിനെയും ആശ്രയിക്കാത്തവനും സര്വരുടെയും ആശാകേന്ദ്രവുമാകുന്നു. അവന് സന്താനത്തെ ജനിപ്പിച്ചിട്ടില്ല. ജനിപ്പിക്കപ്പെട്ടിട്ടുമില്ല. അവനു തുല്യമായി ആരും തന്നെയില്ല.’ ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത എന്നര്ത്ഥമുള്ള സൂക്തം യാതൊരു കലര്പ്പുമില്ലാത്ത തികച്ചും സംശുദ്ധമായ ഏകദൈവ വിശ്വാസമൂല്യങ്ങളുള്ക്കൊള്ളുന്നു.

ആരാധനക്കര്ഹരായി ഒന്നിലധികം ദൈവങ്ങളുണ്ടാവുകയാണെങ്കില് തീര്ച്ചയായും അധികാരവടംവലിയും അരാജകത്വവും പ്രകടമാവും. മുഴുവന് അധികാരവും തനിക്കു കീഴിലാവണമെന്ന് ഒരു ദൈവം ഇച്ഛിക്കുമ്പോള് സ്വാഭാവികമായും രണ്ടാമതു ദൈവം ശക്തിരഹിതനും നിസാരനുമാവേണ്ടി വരും. മറിച്ചായാലും സ്ഥിതിഗതികള് തഥൈവ. വിശുദ്ധ ഖുര്ആന് ഇവ്വിഷയത്തിലേക്ക് വെളിച്ചം ചൂണ്ടുന്നതിങ്ങനെ; “അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങള് ആകാശഭൂമികളിലുണ്ടാവുകയാണെങ്കില് രണ്ടും (ആകാശം, ഭൂമി) നശിച്ചു പോവുമായിരുന്നു.’ (തന്വീറുല് ഖുലൂബ്, പുറം. 18)