ദുബൈ : വടകര താലൂക്ക് ജംഇയ്യത്തുല്‍ ഖുളാത്ത് പ്രസിഡന്‍റും കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് പ്രസിഡന്‍റുമായ സയ്യിദ് ഹാശിം തങ്ങള്‍ നാദാപുരം നിര്യാതനായി. നിരവധി സ്ഥാപനങ്ങളുടെ സാരഥിയും മത സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറഞ്ഞ സാന്നിധ്യവുമായിരുന്ന തങ്ങളുടെ വേര്‍പാടില്‍ ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളും ജനറല്‍ സെക്രട്ടറി സിദ്ധീഖ് നദ്‍വിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
റഹ്‍മാനിയ്യ അറബിക് കോളേജിന്‍റെ അജയ്യ നേതൃത്വത്തിലൂടെ സ്ഥാപനത്തെ മഹാ പ്രസ്ഥാനമാക്കി മാറ്റിയ തങ്ങളുടെ വിയോഗം സമൂഹത്തിനും സ്ഥാപനത്തിനും കനത്ത നഷ്ടമാണ് വരുത്തിവെച്ചതെന്ന് കടമേരി റഹ്‍മാനിയ്യ യു.എ.ഇ. ഉത്തര മേഖല കമ്മിറ്റി ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോളേജിലെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടമേരി റഹ്‍മാനിയ്യ അറബിക് കോളേജിനെ കേരളക്കരിയിലെ വ്യത്യസ്ഥ വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുന്നതില്‍ നേതൃത്വം നല്‍കിയ തങ്ങളുടെ വേര്‍പാടില്‍ കനത്ത ആഗാധമാണ് സൃഷ്ടിച്ചതെന്ന് റഹ്‍മാനീസ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ യു.എ.ഇ. ചാപ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദുബൈ SKSSF സ്റ്റേറ്റ് കമ്മിറ്റിയും കോഴിക്കോട് ജില്ലാ SKSSF ഉം തങ്ങളുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി.
തങ്ങള്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും ഇന്ന് (20/08/2009 വ്യാഴാഴ്ച) ഇശാ നിസ്കാരത്തിന്ന് ശേഷം ദേര ദല്‍മൂഖ് മസ്ജിദിലും രാത്രി പതിനൊന്ന് മണിക്ക് നായിഫ് സൂഖിനടുത്തുള്ള അല്‍ഗുറൈര്‍ മസ്ജിദിലും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.