ഫൈസല്‍ നിയാസ് ഹുദവി (സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ്. - യു.എ.ഇ)
ഇസ്‍ലാം ദൈവിക മതമാണ്. ദൈവിക വിധിക്ക് കീഴ്പെട്ട് ജീവിക്കുന്നവന്‍ മുസ്‍ലിമും. ആ അര്‍ത്ഥത്തില്‍ പ്രപഞ്ചം മുഴുവന്‍ മുസ്‍ലിമാണ്. ദൈവിക വിധിയെ മറികടക്കാന്‍ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും സാധിക്കില്ല. വൈവിധ്യത്തിലും പ്രപഞ്ചം പുലര്‍ത്തുന്ന ഈ ഏകത്വത്തെ നാം പ്രകൃതി നിയമമെന്ന് വിളിക്കുന്നു. അതിനാല്‍ തന്നെ ഇസ്‍ലാം പ്രകൃതി മതമാണ്. പ്രകൃതി വിരുദ്ധമായ നിയമനിര്‍മ്മിതികള്‍ അതിലില്ല. മനുഷ്യന് നല്‍കിയിട്ടുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ദൈവിക വിധിക്ക് അനുസൃതമായി ചലിപ്പിക്കാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഖുര്‍ആന്‍ അവതീര്‍ണ്ണമായ പുണ്യ മാസമാണ് റംസാന്‍ . മനുഷ്യര്‍ക്കാകമാനം മാര്‍ഗ്ഗദര്‍ശകമായും സത്യവും അസത്യവും വിവേചിക്കാനും സന്മാര്‍ഗ്ഗം കാണിച്ചു തരുന്നതിനുമായ തെളിഞ്ഞ പ്രമാണങ്ങളായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമസാന്‍ (അല്‍ബഖറ/185). ഖുര്‍ആന്‍ മാത്രമല്ല, മുന്‍കഴിഞ്ഞ ദൈവിക ഗ്രന്ഥങ്ങളും അവതീര്‍ണ്ണമായത് ഈ മാസത്തില്‍ തന്നെ. ഇമാം അഹ്‍മദ് ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ഇബ്റാഹീം നബിക്ക് ഏടുകള്‍ നല്‍കപ്പെട്ടത് റമസാനിലെ ആദ്യ രാത്രിയിലാണ്. തൌറാത്ത് (തോറ) റമസാന്‍ ആറിനും ഇഞ്ചീല്‍ (ബൈബിള്‍ പുതിയ നിയമം) റമസാന്‍ പതിമൂന്നിനും.
ദൈവിക ഗ്രന്ഥം മുന്നോട്ട് വെക്കുന്ന ആശയത്തിന്‍റെ പ്രായോഗിക പ്രശ്നമാണ് റമസാന്‍ . ധര്‍മാധര്‍മ്മങ്ങളിലേക്ക് മനുഷ്യത്തെ വഴി നടത്തുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് മനുഷ്യന്‍റെ ആഗ്രഹങ്ങളും ഇച്ഛകളുമാണ്. അവയെ കയറൂരി വിട്ടാല്‍ അത് എല്ലാ അതിരുകളും ഭേദിച്ച് സര്‍വ നാശത്തിന് വഴി തുറക്കും. ആഗ്രഹങ്ങളുടെയും ഇച്ഛകളുടെയും നിയന്ത്രണത്തിലൂടെ മാത്രമെ ധര്‍മ്മത്തിലധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ. ഇത്തരം നിയന്ത്രണങ്ങളിലൂടെ മനുഷ്യ മനസ്സിനെ വിമലീകരിക്കുന്ന പ്രക്രിയയെയാണ് ഏറ്റവും വലിയ ധര്‍മ സമരമെന്ന് പ്രവാചകന്‍ മുഹമ്മദ് (സ) വിശേഷിപ്പിച്ചത്. അതാണ് റമസാനിലെ വ്രതാനുഷ്ഠാനത്തിലൂടെ ലക്ഷീകരിക്കപ്പെടുന്നതെന്ന് നോന്പ് നിര്‍ബന്ധമാക്കിക്കൊണ്ട് അവതരിച്ച ഖുര്‍ആനിക സൂക്തം വ്യക്തമാക്കുന്നു. ജന്തു സഹജമായ എല്ലാ സ്വഭാവങ്ങളും ഉള്ളപ്പോള്‍ തന്നെ മനുഷ്യന് അവയെ നിയന്ത്രിച്ച് മാലാഖമാരുടെ സവിശേഷ ഗുണങ്ങളിലേക്ക് ഉയരാന്‍ കഴിയും. അന്നപാനീയങ്ങളും ലൈംഗീകതയും ഉള്‍പ്പെടെ ജന്തുസഹജ സ്വഭാവങ്ങളെ നിയന്ത്രിക്കാനാണ് ഇസ്‍ലാം ആവശ്യപ്പെടുന്നത്. അവയെ പൂര്‍ണ്ണമായി അടിച്ചമര്‍ത്തുന്നത് മനുഷ്യ പ്രകൃതിക്ക് വിരുദ്ധമാണ്. മനുഷ്യന്‍റെ വികാര വിചാരങ്ങളെ, ആഗ്രഹങ്ങളെ, ഭൌതിക സുഖങ്ങളെ നോന്പ്, നമസ്കാരം, സക്കാത്ത് തുടങ്ങിയ ആരാധനകളിലൂടെയും വിവാഹം പോലുള്ള സാമൂഹിക സ്ഥാപനങ്ങളിലൂടെയും സക്രിയമായി ഇടപെട്ട് ധര്‍മ്മ നിഷ്ഠമാക്കുകയാണ്ഇസ്‍ലാം. ഇച്ഛകള്‍ക്ക് അടിമപ്പെട്ട് തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവര്‍ ധര്‍മ്മത്തിന്‍റെ അതിര്‍ വരന്പുകള്‍ ലംഘിച്ചു നീങ്ങുന്പോഴാണ് സമൂഹത്തില്‍ അരാജകത്വം രൂപപ്പെടുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് സമീപകാലത്ത് സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ആക്രോശങ്ങള്‍ , തോന്നുന്നതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഇവര്‍ എല്ലാത്തരം മാനുഷിക മൂല്യങ്ങളും ചവിട്ടി മെതിക്കുന്നു. അത്തരക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധനാമൂര്‍ത്തി സ്വന്തം ഇച്ഛകളത്രെ. ഖുര്‍ആന്‍ സൂറത്തുല്‍ ജാസിയാത്തിലെ സൂക്തത്തില്‍ ചോദിക്കുന്നു. -സ്വന്തം ഇച്ഛകളെ ആരാധനയാക്കിയവരെ നീ കണ്ടുവോ, മനുഷ്യന്‍റെ വികാര വിചാരങ്ങളും പ്രവര്‍ത്തനങ്ങളും നാമെങ്ങനെയാണോ അതിനെ പരിശീലിപ്പിക്കുന്നത് ആ വിധത്തിലാണ് രൂപപ്പെടുന്നത്. മഹാനായ ഇമാം ബൂസൂരി ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. -മനുഷ്യ ശരീരം മുല കുടിക്കുന്ന ഒരു കുട്ടിയെ പോലെയാണ്. മുലകുടിക്ക് അറുതി വരുത്താത്ത പക്ഷം വളര്‍ന്നു വരുംതോറും അവന്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതേ സമയം മുലകുടി നിയന്ത്രിക്കുന്ന പക്ഷം അവന്‍ അതില്‍ നിന്ന് പിന്തിരിയുകയും ചെയ്യും. നമ്മുടെ ശരീരത്തെയും മനസ്സിനെയും ധര്‍മ്മനിഷ്ഠമായി പരസ്യപ്പെടുത്തണമെന്ന് സാരം. പക്ഷെ, അതിനുള്ള ഇച്ഛാ ശക്തി ആഗ്രഹിക്കുന്ന സുഖ സൌകര്യങ്ങള്‍ ലഭ്യമായിരിക്കെ അതില്‍ നിന്ന് മാറി നില്‍ക്കാനുള്ള ശക്തി. അതാണ് ഏറ്റവും വലിയ ധര്‍മ്മ സമരം. അതിനുള്ള പരിശീലന കളരിയാണ് റമസാന്‍ . നബി(സ) പഠിപ്പിക്കുന്നു. -വല്ല നോന്പുകാരനും തെറ്റായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അള്ളാഹുവിന് യാതൊരു താല്‍പര്യവുമില്ല (ഇമാം ബുഖാരി)
രണ്ട് ബന്ധങ്ങളെ കുറിച്ചാണ് ഖുര്‍ആന്‍ പ്രധാനമായും സംസാരിക്കുന്നത്. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധവും സൃഷ്ടികള്‍ തമ്മിലുള്ള ബന്ധവും. ഈ രണ്ട് ബന്ധങ്ങളും സുദൃഢമാക്കുന്നതിനും ശ്കിതപ്പെടുത്തുന്നതിനുമുള്ള സുവര്‍ണാവസരമാണ് റമസാന്‍ . തന്‍റെ ശാരീരികേച്ഛകളെ ദൈവിക നിയന്ത്രണത്തിനു വിധേയമാക്കുക വഴി അല്ലാഹുവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്പോള്‍ റമസാന്‍ വിഭാവനം ചെയ്യുന്ന സമഭാവനയുടെയും സാഹോദര്യത്തിന്‍റെയും സഹാനുകന്പയുടെയും ഭാവം മനുഷ്യ മനസ്സുകളില്‍ അങ്കുരിപ്പിക്കാനും അതുവഴി മാനുഷിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സാധിക്കും. പരസ്പര സഹായത്തിന്‍റെയും കാരുണ്യത്തിന്‍റെയും നന്മകള്‍ നീട്ടുക വഴി സമൂഹത്തിന്‍റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാവങ്ങള്‍ക്ക് സാന്തനമേകാനും അതു വഴിയൊരുക്കും. ഇമാം ബുഖാരിയും മുസ്‍ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ റമസാനില്‍ പ്രവാചകന്‍ സര്‍വ്വത്ര അടിച്ചുവിശുന്ന കാറ്റിനെക്കാള്‍ ഉദാരശീലനായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്ന ആഗോളീകരണ കാലത്ത് ഇതിന്‍റെ പ്രസക്തി പ്രത്യേകം പറയേണ്ടതില്ലല്ലോ. മനുഷ്യ ബന്ധങ്ങില്‍ പ്രതിബന്ധം സൃഷ്ടിക്കുന്ന അസൂയ, അഹങ്കാരം, ആര്‍ത്തി, പരദൂഷണം, തെറ്റിദ്ധാരണ തുടങ്ങി ഒട്ടേറെ സ്വഭാവങ്ങളെ ക്കുറിച്ച് ഖുര്‍ആനും പ്രവാചക വചനങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളെ അടര്‍ത്തിമാറ്റി യഥാര്‍ത്ഥ മനുഷ്യനാകാന്‍ ഖുര്‍ആനിക ധര്‍മ്മത്തിന്‍റെ വാഹകരാവാന്‍ കരുത്ത് പകരുന്നതാവട്ടെ നമ്മുടെ ഈ റമസാന്‍ ...