ശിഹാബ് തങ്ങളുടെ അവസാനപരിപാടി കടമേരിയില്‍

കടമേരി : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ വിയോഗം കടമേരി റഹ്‍മാനിയ്യയിലെ ഉസ്താദുമാരെയും വിദ്യാര്‍ത്ഥികളെയും കണ്ണീരിലാഴ്ത്തി. അവസാന പരിപാടി കടമേരിയിലായിരുന്നു. പ്രിയ നേതാവിന്‍റെ ആകസ്മിക വേര്‍പാടിലൂടെ സ്വന്തം പിതാവിനെ നഷ്ടമായതിന്‍റെ ഞെട്ടലില്‍ നിന്ന് അന്നും റഹ്‍മാനിയ്യ മോചിതയായിട്ടില്ല. റഹ്‍മാനിയ്യയുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും സന്തോഷിക്കുകയും ഏത് സംരംഭങ്ങള്‍ക്കും പ്രാര്‍ത്ഥനയും ആശീര്‍വാദവും നല്‍കി അനുഗ്രഹിക്കുകയും ചെയ്ത ശിഹാബ് തങ്ങളെ ഒരിക്കലും മറക്കാനാവില്ലെന്ന് പറയുന്പോള്‍ പ്രിന്‍സിപ്പല്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാരും മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‍ലിയാരും ഗദ്ഗദകണ്ഠരായിരുന്നു. റഹ്‍മാനിയ്യയിലെ ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍റെ പ്രവര്‍ത്തകരും തങ്ങളുടെ പുതിയ ചുവടുവെപ്പുകള്‍ക്ക് തുടക്കം കുറിക്കാന്‍ ഇനി ശിഹാബ്തങ്ങളില്ല എന്ന ദുഃഖത്തിലാണ്. അവസാന പൊതുപരിപാടി ബഹ്ജത്ത് തയ്യാറാക്കിയ അഹ്‍ലുസ്സുന്ന വെബ്സൈറ്റ് ലോഞ്ചിംഗാണെന്നത് ബഹ്ജത്ത് പ്രവര്‍ത്തകരെ കൃതാര്‍ത്ഥരാക്കുന്നു.