കോഴിക്കോട്: പള്ളികളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി കെ.ടി ജലീലിന്റെയും പ്രസ്താവന അതിരുകടന്ന അജ്ഞതയാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും പിണങ്ങോട് അബൂബക്കറും പ്രസ്താവിച്ചു.
മുസ്‌ലിം സമുദായം അവരുടെ സ്വയാര്‍ജിത വസ്തുവഹകള്‍ കൊണ്ട് സ്ഥാപിച്ചതും നടത്തിവരുന്നതുമായ പള്ളികളിലും ഒപ്പം മതവിഷയങ്ങളിലും കൈകടത്താനുള്ള അധികാരാവകാശം ബാഹ്യശക്തികള്‍ക്കോ ഗവണ്‍മെന്റുകള്‍ക്കോ ഇല്ല. മതകാര്യങ്ങള്‍ സംബന്ധിച്ച് 14 നൂറ്റാണ്ടുകളായി ലോകത്ത് നിലനില്‍ക്കുന്നതും മതഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതുമായ നിയമങ്ങള്‍ മാത്രമേ നടത്താന്‍ പാടുള്ളൂ.
സ്ത്രീകള്‍ക്ക് അവരുടെ സുരക്ഷയും പ്രകൃതിപരമായ അവസ്ഥകളും പരിഗണിച്ച് സ്വഭവനങ്ങളാണ് ആരാധനകള്‍ക്ക് പള്ളികളെക്കാള്‍ ഉത്തമമെന്ന ഇസ്‌ലാമിക വിധിയില്‍ ലോക മുസ്‌ലിംകള്‍ക്കിടയില്‍ രണ്ടുപക്ഷമില്ല. വസ്തുതകള്‍ ഇതായിരിക്കെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി സ്പര്‍ധയും തര്‍ക്കങ്ങളും ഉണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതിരുന്നത് അപലപനീയമാണ്.
കോടിയേരി ബാലകൃഷ്ണനും മന്ത്രി ജലീലും പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പു പറയുകയാണ് വേണ്ടത്. മുസ്‌ലിം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
- suprabhaatham.com