മലപ്പുറം : മതേതര ഭാരതത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കടിഞ്ഞാണിടണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളെ അപമാനിച്ചുകൊണ്ട് സുബ്രഹ്മണ്യം സ്വാമി നടത്തിയ വില കുറഞ്ഞ പ്രസ്താവന അധിക്ഷേപാര്‍ഹമാണ്. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുകയാണ് സ്വാമി ചെയ്തത്.
എല്ലാ കാലഘട്ടത്തിലും വില കുറഞ്ഞ തന്ത്രങ്ങളിറക്കി ശ്രദ്ധ പിടിച്ചെടുക്കാന്‍ സുബ്രഹ്മണ്യം സ്വാമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നാം കണ്ടതാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ നടത്തിയ സ്വാമിയുടെ ശ്രമം ചിലരെ പ്രീണിപ്പിക്കാനാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. യാതൊരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹം മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.
പള്ളികള്‍ മതപരമായ സ്ഥലമല്ലെന്നും അത് വെറും കെട്ടിടമാണെന്നും എപ്പോള്‍ വേണമെങ്കിലും തകര്‍ക്കാമെന്നുമായിരുന്നു സ്വാമി പറഞ്ഞത്. പള്ളികള്‍ പ്രാര്‍ഥന നടത്താനുള്ള കേവലം കെട്ടിടമാണെന്നാണ് സ്വാമി മനസിലാക്കിയത്. പള്ളികള്‍ ആരാധനാലയങ്ങള്‍ മാത്രമല്ല ദൈവത്തിന്റെ ഭവനങ്ങളാണെന്ന് കോട്ടുമല പറഞ്ഞു. ഇത് മനസിലാകണമെങ്കില്‍ മതങ്ങളെക്കുറിച്ച് പഠിക്കാന്‍ സ്വാമി തയാറാകണം. ദൈവം സര്‍വവ്യാപിയാണെന്ന് മനസിലാക്കാനുള്ള സമാന്യ വിവരം പോലും അദ്ദേഹം കാണിച്ചില്ല.
ദൈവം അമ്പലങ്ങളില്‍ മാത്രമാണ് വസിക്കുന്നതെന്ന അല്‍പ്പത്തം വിളമ്പിയ സ്വാമിയെ തള്ളിപ്പറയാന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗേഗോയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ ഭട്ടാചാര്യയും തയാറായത് അഭിനന്ദനാര്‍ഹമാണ്. വാര്‍ത്തകളില്‍ ഇടം പിടിക്കാനും ഗാലറിയില്‍ നിന്ന് കൈയടി നേടാനും നടത്തുന്ന ഹീനമായ ശ്രമങ്ങള്‍ സ്വാമി നിര്‍ത്തിയില്ലെങ്കില്‍ ബി.ജെ.പി നേതൃത്വം നടപടിയെടുക്കണം. സ്വാമിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അഖിലേന്ത്യാ നേത്വത്വവും പ്രധാനമന്ത്രിയും ശരി വയ്ക്കുകയും ഇത്തരം വര്‍ഗീയ വിഷം വിളമ്പുന്നവരെ നിലയ്ക്ക് നിര്‍ത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- http://suprabhaatham.com/item/20150339377