വിഖായദിനം; ജില്ലാ ബ്ലഡ് ഡോണേഴ്‌സ് ടീം ലോഞ്ചിംഗും ജലസംരക്ഷണ സന്ദേശ റാലിയും നടത്തും
കോഴിക്കോട് : 'സന്നദ്ധ സേവനത്തിനൊരു യുവജാഗ്രത' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായ സംസ്ഥാന വ്യാപകമായി മാര്‍ച്ച് 30 ന് സേവനദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. സംഘടനയുടെ സില്‍വര്‍ജൂബിലിയില്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ച 25000 വിഖായ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 127 മേഖലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 29 ന് വൈകുന്നേരം 4 മണിക്ക് ജല സംരക്ഷണ സന്ദേശ റാലി നടത്തും. ചെറുമഴ പെയ്താല്‍പോലും വെള്ളപ്പൊക്കവും മഴ മാറുമ്പോഴേക്കും ജലക്ഷാമവും നേരിടുന്ന ഭൂപ്രദേശമായി മാറുന്ന കേരളത്തില്‍ ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാകുന്ന സാഹചര്യത്തിലാണ് ഉപയോഗത്തില്‍ മിതത്വം പാലിക്കുക, ജലാശയങ്ങള്‍ മലിനമാക്കാതെ സൂക്ഷിക്കുക, മഴവെള്ളം ഒഴുക്കിക്കളയാതിരിക്കുക തുടങ്ങിയ സന്ദേശങ്ങളുയര്‍ത്തി ജലസംക്ഷണ ബോധവല്‍ക്കരണം നടത്തുന്നത്. ഇതോടനുബന്ധിച്ച് ബോധവല്‍ക്കരണ സംഗമം, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. ജില്ലാ തലത്തില്‍ മാര്‍ച്ച് 30 ന് ബ്ലഡ് ഡൊണേഷന്‍ ടീം ലോഞ്ചിംഗും സര്‍ക്കാര്‍ ബ്ലഡ് ബാങ്കുകളിലേയ്ക്ക് രക്തദാനം എന്നിവയും നടത്തും. രക്തം ആവശ്യമുള്ളയിടത്തെ രക്തദാതാക്കളെ ആവശ്യക്കാര്‍ക്ക് നേരിട്ട് കണ്ടെത്താവുന്ന വെബ്‌സൈററ് പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. രക്തദാനത്തിന് താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റഫീക്ക് അഹമ്മദ് തിരൂര്‍ ഉദ്ഘാടനം ചെയ്തു. ശര്‍ഹബീല്‍ മെഹ്‌റൂഫ് പദ്ധതി വിശദീകരിച്ചു. ശിഹാബ് കുഴിഞ്ഞോളം, സൂധീര്‍ എറണാകുളം, നിഷാദ് പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. ജലീല്‍ ഫൈസി അരിമ്പ്ര സ്വാഗതവും സലാം ഫറോക്ക് നന്ദിയും പറഞ്ഞു.
- ABDUSSALAM.T PALAKKAL