മദ്റസ ഗുണമേന്മാ പദ്ധതി, കേരള സര്‍ക്കാറിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചു

ദമ്മാം : കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്‍റെ കീഴില്‍ ആരംഭിച്ചതും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് കൃത്യമായി ലഭിച്ചുകൊണ്ടിരുന്നതുമായ മദ്റസ ഗുണമേന്മാ പദ്ധതി അട്ടിമറിക്കുകയും കഴിഞ്ഞ നാല് വര്‍ഷമായിപദ്ധതിയുടെ ഒരു അപേക്ഷ പോലും സമര്‍പ്പിക്കാതെ കേന്ദ്രം വിഹിതം നഷ്ടപ്പെടുത്തുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ഗുരുതരമായ കൃത്യവിലോപന സമീപനങ്ങളില്‍ ദമ്മാം തര്‍ബിയ്യത്തുല്‍ ഇസ്‍ലാം മദ്റസ പ്രവര്‍ത്തക സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. കേന്ദ്രാനുമതി ലഭിച്ച കേരളത്തിലെ 547 മദ്റസകളില്‍ ഓരോ സ്ഥാപനത്തിനും നാല് ലക്ഷം രൂപ വരെ വാര്‍ഷിക വണ്ട് ലഭിക്കുമായിരുന്ന ഈ പദ്ധതി യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കേരളം കാണിച്ച അലംഭാവം കൊണ്ട് മാത്രമാണ് സംസ്ഥാനത്തിന് നഷ്ടമായത്. അതേസമയം കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ ഇതര സംസ്ഥാനങ്ങളിലെ 522 മദ്റസകള്‍ക്ക് കൃത്യമായി ഈ വിഹിതം വിതരണം ചെയ്യപ്പെടുകയുമുണ്ടായി. അതുകൊണ്ട് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച കെടുകാര്യസ്ഥതയും അലംഭാവവും കൈവെടിഞ്ഞ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച അവകാശങ്ങള്‍ യഥാവിധി നടപ്പില്‍ വരുത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അക്കാദമിക് ഡയറക്ടര്‍ അലൂര്‍ അശ്റഫ് അന്‍വരി അദ്ധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി വെട്ടത്തൂര്‍, കബീര്‍ കൊണ്ടോട്ടി, മാഹിന്‍ വിഴിഞ്ഞം, അബൂബക്കര്‍ ഹാജി, കെ.കെ. അബ്ദുറഹ്‍മാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മദ്റസയിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളോടും യോഗം ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ നിലവിലെ വാഹന സൗകര്യം വിപുലപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
അശ്റഫ് അലത്ത് -