ഹിദായ നഗര്‍: ഒരു ലോകം, വിവിധ ഭാഷകള്‍ എന്ന പ്രമേയത്തില്‍ ഐക്യരാഷ്ട്ര സഭക്കു കീഴിലുള്ള യു. എന്‍ അക്കാദമിക് ഇംപാക്ട് സംഘടിപ്പിച്ച രാജ്യാന്തര പ്രബന്ധ മത്സരത്തില്‍ വിജയിച്ച മലയാളി യുവപണ്ഡിതര്‍ക്ക് യു. എന്‍ ജനറല്‍ അസംബ്ലിയില്‍ അറബിയില്‍ പ്രസംഗിക്കാന്‍ അപൂര്‍വ അവസരം.
ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയ അബ്ദുല്‍ ഗഫൂര്‍ ഹുദവി പൊ•ള, മന്‍സൂര്‍ ഹുദവി പുല്ലൂര്‍ എന്നിവര്‍ക്കാണ് ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിക്കാനുള്ള അവസരം ലഭിച്ചത്.
ആഗോള പൗരത്വത്തെയും സാംസ്‌കാരിക കൈമാറ്റത്തെയും ബഹുഭാഷാ പ്രാവീണ്യം ഏങ്ങനെ ശക്തിപ്പെടുത്തുന്നു എന്ന തലക്കെട്ടില്‍, യു. എന്‍ അംഗീകരിച്ച ആറു ഔദ്യോഗിക ഭാഷകളിലായി നടത്തിയ അന്താരാഷ്ട്ര പ്രബന്ധ മത്സരത്തില്‍ വിജയിച്ചവര്‍ക്കാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുക. ഇന്ത്യയിലെ വിദ്യാഭ്യാസ ശാക്തീകരണത്തിന് സര്‍ക്കാറും സര്‍ക്കാരേതര സംഘടനകളും നടത്തുന്ന പദ്ധതികളെ കുറിച്ചായിരിക്കും മലയാളി യുവ പണ്ഡിതര്‍ പ്രസംഗിക്കുക.
170 രാജ്യങ്ങള്‍ നിന്നായി ആറായിരത്തോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ അറുപത് പേര്‍ക്കാണ് അവസരം ലഭിച്ചത്.
ജൂലൈ 16 മുതല്‍ 26 വരെ യു. എസിലെ ന്യൂയോര്‍ക്കിലും ബോസ്റ്റണിലും നടക്കുന്ന വിവിധ പരിപാടികളിലും ഇവര്‍ സംബന്ധിക്കും.
ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനും നിലവില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയുമാണ് അബ്ദുല്‍ഗഫൂര്‍ ഹുദവി. മലപ്പുറം പൊന്മള കിഴക്കേതല പരേതനായ കുന്നത്തൊടി കുഞ്ഞാപ്പു ഹാജിയുടെയും കൊന്നോല മറിയുമ്മ ഹജ്ജുമ്മയുടെയും മകനാണ് അദ്ദേഹം.
വാഴയൂര്‍ സാഫി ഇന്‍സ്റ്റിട്യൂട്ട് അറബിക് അധ്യാപകനും കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയുമാണ് മന്‍സൂര്‍ ഹുദവി. മഞ്ചേരി പുല്ലൂരിലെ പരേതനായ മീരാന്‍ ഫൈസി-ടി. പി നഫീസ ദമ്പതികളുടെ മകനാണ് അദ്ദേഹം.
കഴിഞ്ഞ വര്‍ഷം നടത്തിയ പ്രബന്ധ മത്സരത്തിലും അബ്ദുല്‍ഗഫൂര്‍ ഹുദവി വിജയിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ യു. എന്‍ അസംബ്ലിയില്‍ സംബന്ധിക്കാന്‍ സാധിച്ചിരുന്നില്ല.
അമേരിക്കയിലേക്കു തിരിച്ച പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ദാറുല്‍ഹുദാ സര്‍വകലാശാലയില്‍ യാത്രയയപ്പ് നല്‍കി. വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു.
- Darul Huda Islamic University