ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ റംസാന്‍ അവധി കഴിഞ്ഞ് ഇന്ന് (04-07-2017) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കേരളത്തിനകത്തും പുറത്തുമായി സമസ്തയുടെ 9709 മദ്‌റസകളിലെ 12 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് മദ്‌റസകളിലെത്തുക. പുതിയ അദ്ധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. നേരറിവ് നല്ലനാളേക്ക് എന്നതാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവ പ്രമേയം. സംസ്ഥാന തല ഉദ്ഘാടനം മംഗളൂരു ബങ്കര അല്‍ മദ്‌റസത്തുല്‍ ദീനിയ്യയില്‍ വെച്ച് നടക്കും. ജില്ല - റെയ്ഞ്ച് തല പ്രവേശനോത്സവ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തോടനുബന്ധിച്ച് മിക്ക മദ്‌റസകളിലും സൗജന്യമായി പഠനോപകരണ വിതരണവും അനുമോദന ചടങ്ങുകളും നടക്കുന്നുണ്ട്. പുതിയ അദ്ധ്യയന വര്‍ഷത്തിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
- SKIMVBoardSamasthalayam Chelari