ജാമിഅഃ നൂരിയ്യയില്‍ ഫാകല്‍റ്റി സംവിധാനം നിലവില്‍ വന്നു


പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയില്‍ ഫക്കല്‍റ്റി സംവിധാനം നിലവില്‍ വന്നു. നിലവിലുള്ള പഠന രീതികള്‍ നിലനിര്‍ത്തികൊണ്ടു തന്നെ വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവും സാധ്യമാകുന്ന തരത്തിലാണ് ഫാക്കല്‍റ്റികള്‍ സംവിധാനിച്ചിരിക്കുന്നത്. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് എന്നീ മൂന്ന് ഫാക്കല്‍റ്റികളാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്. ജാമിഅയുടെ ജൂനിയര്‍ കോളേജുകളില്‍ നിന്ന് ഉപരി പഠനാര്‍ത്ഥം ജാമിഅഃ നൂരിയ്യയില്‍ എത്തുന്നവര്‍ക്ക് പുറമെ പരമ്പരാഗത ദര്‍സ് പഠനം പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്കും പ്രവേശനം നല്‍കാനാവും വിധമാണ് ഫാക്കല്‍റ്റികളുടെ പ്രവര്‍ത്തനം. 

ജാമിഅഃ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജാമിഅഃ ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മൂന്ന് ഫാക്കല്‍റ്റികളുടേയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൊ. ചാന്‍സലര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഫാക്കല്‍റ്റികളുടെ പ്രഖ്യാപനം നടത്തി. സമസ്ത മുശാവറ മെമ്പര്‍മാരായ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, റജിസ്ട്രാര്‍ പുത്തനഴി മൊയ്തീന്‍ ഫൈസി, ഇ. ഹംസ ഫൈസി, ളിയാഉദ്ദീന്‍ ഫൈസി, അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി ഉസ്മാന്‍ ഫൈസി എറിയാട്, അസി. റജിസ്ട്രാര്‍ ഹംസ റഹ്മാനി കൊണ്ടി പറമ്പ്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സ്റ്റുഡന്‍സ് ഡീന്‍ സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എ.ടി മുഹമ്മദലി ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി പ്രസംഗിച്ചു. 
- JAMIA NOORIYA PATTIKKAD