റമദാന്‍; വിശ്വാസം മനസ്സിലുറപ്പിക്കാന്‍ വിശ്വാസിക്ക് കഴിയണം: ജിഫ്രി തങ്ങള്‍

എടവണ്ണപ്പാറ : വിശുദ്ധ റമദാനിലൂടെ ഹൃദയം ശുദ്ധീകരിച്ച് വിശ്വാസം മനസ്സിലുറപ്പിക്കാന്‍ വിശ്വാസിക്ക് കഴിയണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കണ്ണിയത്ത് ഇസ്ലാമിക് സെന്റര്‍ എടവണ്ണപ്പാറയില്‍ വെച്ച് സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു തങ്ങള്‍. വിവിധ പരീക്ഷണങ്ങളിലൂടെ മുസ്‌ലിം വിശ്വാസികള്‍ കടന്ന് പോകുമ്പോള്‍ പരിഹാരമാര്‍ഗം യഥാര്‍ത്ഥ വിശ്വാസവും ജീവിത വിശുദ്ധിയുമാണെന്നും അതിനായി റമദാനിനെ ഉപയോഗപ്പെടുത്താന്‍ സജ്ജരകാണമെന്നും, ഇന്ത്യന്‍ ഭരണഘടനയോട് നീതി പുലര്‍ത്തി രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി ജീവിക്കുന്ന മുസ്‌ലിം വിശ്വാസികളുടെ അവകാശങ്ങളെ നശിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ മുസ്‌ലിം സമുദായത്തോട് ചെയ്ത് കൊണ്ടിരിക്കുന്നത് ക്രൂരതയാണെന്നും തങ്ങള്‍ പറഞ്ഞു. 
ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി അധ്യക്ഷനായി. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് അതിരുകളിലാത്ത കാരുണ്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സയ്യിദ് ബി. എസ്. കെ തങ്ങള്‍, കുഞ്ഞിസീതിക്കോയ തങ്ങള്‍, മമ്മുദാരിമി, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി, സലാം മുസ്‌ലിയാര്‍ വാവൂര്‍, കബീര്‍ മുസ്‌ലിയാര്‍ മൂളപ്പുറം സംസാരിച്ചു. 
ഇന്ന് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി. വി. ഇബ്‌റാഹീം എം. എല്‍. എ മുഖ്യാതിഥിയാകും. ഖുര്‍ആന്‍ അത്ഭുദങ്ങളുടെ കലവറ എന്ന വിഷയത്തില്‍ മന്‍സൂറലി ദാരിമി കാപ്പ് പ്രഭാഷണം നടത്തും. 
ഫോട്ടോ: കണ്ണിയത്ത് ഇസ്ലാമിക് സെന്റര്‍ എടവണ്ണപ്പാറയില്‍ വെച്ച് സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 
- Yoonus MP