മലപ്പുറം: സമസ്തക്കു കീഴിലുള്ള മദ്‌റസകളിലെ പൊതുപരീക്ഷ ഇന്നു പൂര്‍ത്തിയാകും. രാജ്യത്തും വിദേശ രാഷ്ട്രങ്ങളിലുമായി അഞ്ച്,ഏഴ്, പത്ത്,പ്ലസ്ടു ക്ലാസുകളിലായി 2,23,151 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. 6842 സെന്ററുകളിലാണ് ഇത്തവണ പരീക്ഷ. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച പരീക്ഷ ഇന്നു പൂര്‍ത്തിയാകും. രണ്ടു ദിവസങ്ങളിലായി രാവിലെയും ഉച്ചക്കുമായാണ് പരീക്ഷ ക്രമീകരിച്ചത്. തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപ് എന്നിവിടങ്ങളിലും സഊദി അറേബ്യ,യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.
135 സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ 8,940 സൂപ്പര്‍വൈസര്‍മാരെയാണ് നടപടികള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. അടുത്ത പതിനഞ്ചു മുതല്‍ ഈ വര്‍ഷത്തെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് നടക്കും. 1200 അധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകുന്ന പരീക്ഷയുടെ ഉത്തര കടലാസുകള്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാര്‍ ഏറ്റുവാങ്ങും. ഇന്നു വൈകിട്ട് ചേളാരി സമസ്താലയത്തിലെത്തിക്കും. വിദേശങ്ങളില്‍ നിന്നുള്ളവ അടുത്ത ദിവസം വിമാന മാര്‍ഗവും എത്തും. അപേക്ഷിച്ചവരില്‍ ഇന്നു (നീറ്റ്)പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ ഒന്‍പതിന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.
- http://suprabhaatham.com/സമസ്ത-പൊതുപരീക്ഷ-ഇന്നു-സ/