കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജില്‍ മാരകായുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കാംപസ് രാഷ്ട്രീയത്തിന്റെ മറവില്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണം. കാംപസുകളില്‍ പാലിക്കേണ്ട പെരുമാറ്റ രീതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ ലാഭം നോക്കാതെ ഇടപെടണം.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനയോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അതത് പ്രദേശങ്ങളില്‍ പഠന സൗകര്യം ലഭ്യമാക്കണം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിജയം കൈവരിക്കാന്‍ അവസരമുണ്ടായ മലബാര്‍ ജില്ലകളില്‍ തുടര്‍ പഠന സൗകര്യത്തോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കണം. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
ഡോ.ജാബിര്‍ ഹുദവി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഡോ.സുബൈര്‍ ഹുദവി, ശുഐബ് നിസാമി, നൗഫല്‍ കുട്ടമശ്ശേരി, അബ്ദുസ്സലാം ദാരിമി, അബ്ദുല്ലത്വീഫ് പന്നിയൂര്‍, ആശിഖ് കുഴിപ്പുറം, വി.കെ.എച്ച് റശീദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- https://www.facebook.com/SKSSFStateCommittee/posts/1883495461908778