കോഴിക്കോട്: സ്കൂളുകളുടെ പഠനസമയത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരും ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാരും ആവശ്യപ്പെട്ടു. സ്കൂളുകളില്‍ നിലവിലുള്ള സമയക്രമത്തില്‍ മാറ്റം വരുത്തുന്നത് സംസ്ഥാനത്ത് വ്യവസ്ഥാപിതമായി നടന്നുവരുന്ന മദ്റസ പഠനത്തിന്റെ തകര്‍ച്ചക്ക് കാരണമാവും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മാത്രം പതിനായിരത്തോളം മദ്റസകളിലായി പത്ത് ലക്ഷം കുട്ടികള്‍ മദ്റസ പഠനം നടത്തുന്നുണ്ട്.
2007ല്‍ അന്നത്തെ സര്‍ക്കാര്‍ സ്കൂള്‍പഠന സമയത്തില്‍ മാറ്റം വരുത്താന്‍ നീക്കം നടത്തിയപ്പോള്‍ സമസ്തയുടെയും മറ്റു മുസ്ലിം സംഘടനകളുടെയും ശക്തമായ എതിര്‍പ്പു നേരിടേണ്ടിവരികയും പ്രക്ഷോഭത്തെ തുടര്‍ന്ന് സമയമാറ്റ നീക്കം ഉപേക്ഷിക്കുകയുമാണുണ്ടായത്. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി മുസ്ലിം സംഘടനകള്‍ക്ക് രേഖാമൂലം നല്കിയ ഉറപ്പ് തുടര്‍ന്നും പാലിക്കാന്‍ നിലവിലുള്ള സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു.
- SKIMVBoardSamasthalayam Chelari