മലപ്പുറം ജില്ലാ 'മനുഷ്യജാലിക': പ്രചാരണത്തിന് അന്തിമരൂപമായി

മലപ്പുറം: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി കോട്ടയ്ക്കലില്‍ നടത്തുന്ന മനുഷ്യജാലികയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപമായി. 14ന് മഹല്ല്തലങ്ങളില്‍ മനുഷ്യജാലിക ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി പള്ളികളും അങ്ങാടികളും കേന്ദ്രീകരിച്ച് വിഭവസമാഹരണവും സന്ദേശകാര്‍ഡ് വിതരണവും നടക്കും.

20, 21 തിയ്യതികളില്‍ ജില്ലയില്‍ രണ്ട് മേഖലകളിലായി സന്ദേശപ്രയാണം നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. സൗഹൃദസെമിനാര്‍, ബൈക്ക് റാലി, പദയാത്ര എന്നിവ നടക്കും. മേഖലാ തലങ്ങളില്‍ വിളംബരറാലിയും സൗഹൃദസായാഹ്നവും ഒരുക്കും. ഏഴിന് ഉച്ചയ്ക്ക് മൂന്നിന് ജില്ലയിലെ ആക്ടീവ് യൂത്ത് വിങ് (വിഖായ) പ്രവര്‍ത്തകരുടെയും എട്ടിന് ഉച്ചയ്ക്ക് മൂന്നിന് കാമ്പസ് പ്രതിനിധികളുടെയും സംഗമം മലപ്പുറം സുന്നിമഹലില്‍ നടക്കും. ഇതുസംബന്ധിച്ച് മഞ്ചേരി സുന്നി മഹലില്‍ നടന്ന കിഴക്കന്‍ മേഖലാ പൈലറ്റ് കണ്‍വെന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ ബഷീര്‍ പനങ്ങാങ്ങര ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ അരിമ്പ്ര അധ്യക്ഷതവഹിച്ചു. തിരൂരില്‍ നടന്ന പടിഞ്ഞാറന്‍ മേഖലാ പൈലറ്റ് കണ്‍വെന്‍ഷന്‍ സംസ്ഥാനസെക്രട്ടറി അബ്ദുറഹിം ചുഴലി ഉദ്ഘാടനംചെയ്തു. ജില്ലാ ജനറല്‍സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷതവഹിച്ചു.