നാദാപുരം; മനുഷ്യാവകാശ ലംഘനത്തിനെതിരെ SYS പ്രക്ഷോഭത്തിന്

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 14ന്;
ഏപ്രില്‍ രണ്ടിന് കലക്ടറേറ്റ് മാര്‍ച്ച് 

കോഴിക്കോട് : നാദാപുരം ഏരിയയില്‍ വര്‍ഷങ്ങളോളമായി മുസ്‍ലിം സമുദായത്തിന് നേരെ പോലീസ് മേധാവികളില്‍ നിന്നുമുണ്ടാകുന്ന മനുഷ്യത്വ ലംഘനത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. നാദാപുരത്തെ പ്രവാസികളായ മുസ്‍ലിംകളെ കള്ളക്കേസുകളില്‍ പെടുത്തി കുരുക്കുണ്ടാക്കുകയും കാടന്‍ നിയമങ്ങള്‍ ചാര്‍ത്തി പീഡിപ്പിക്കുകയും ചെയ്ത് അവരില്‍ നിന്ന് വന്‍ തുക കൈക്കൂലി വാങ്ങുന്ന പോലീസ് പ്രവണത വര്‍ഷങ്ങളോളമായി തുടരുകയാണ്. തൂണേരി സംഭവത്തിലും നിരപരാധികളായ മുസ്‍ലിംകളുടെ പേരില്‍ കാടന്‍ നിയമങ്ങള്‍ ചാര്‍ത്തി കേസ്സെടുത്തിട്ടുണ്ട്. പോലീസുകാര്‍ക്ക് പണം തട്ടാനുള്ള മേഖലയാക്കി മാറ്റിയിരിക്കുകയാണ് നാദാപുരം. പ്രദേശത്തെ രാഷ്ട്രീയക്കാരേക്കാള്‍ വര്‍ഗ്ഗീയമായി ജനങ്ങളെ അകറ്റുന്നത് പോലീസാണ്. സ്റ്റേഷനുകള്‍ ഒരു വിഭാഗത്തിന്റെ വിളയാട്ടമായി മാറിയിരിക്കുന്നു. പോലീസ് സ്ഥാനങ്ങളില്‍ നാമമാത്രം പോലും മുസ്‍ലിംകള്‍ക്ക് പ്രാതിനിധ്യമില്ല. ഈ ക്രൂരതയും വിവേചനവും അവസാനിപ്പിക്കാന്‍ സമൂല മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം 'നാദാപുരം; നിയമം കാടത്തമാകുന്നു' എന്ന പ്രമേയത്തില്‍ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഏപ്രില്‍ രണ്ടിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 14 ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ഇസ്‍ലാമിക് സെന്ററില്‍ നടക്കും. 

ഏപ്രില്‍ 17, 18 തിയ്യതികളില്‍ ബാംഗ്ലൂരില്‍ നടക്കുന്ന എസ് വൈ എസ് ദേശീയ കോണ്‍ഫറന്‍സില്‍ 500 പ്രതിനിധികള്‍ സംബന്ധിക്കും. മണ്ഡലം തലങ്ങളില്‍ മാര്‍ച്ച് 20നകം കണ്‍വെന്‍ഷനുകള്‍ നടക്കും.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്. മഹ്‍മൂദ് സഅദി അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. ടി.പി.സി. തങ്ങള്‍, അശ്റഫ് ബാഖവി ചാലിയം, യൂസുഫ് ഫൈസി വെണ്ണക്കോട്, ടി.കെ. ഇമ്പിച്ചി അഹമ്മദ് ഹാജി, കെ.കെ. കോയ മുസ്‍ലിയാര്‍, അബ്ദുറസാഖ് മായനാട്, സി.എ്. ശുക്കൂര്‍ മാസ്റ്റര്‍, കെ.എം.എ. റഹ്‍മാന്‍, പി.പി. അശ്റഫ് വാണിമേല്‍, ബാവ മൌലവി ജീറാനി, ഇമ്പിച്ചിക്കോയ വെള്ളിമാട്കുന്ന്, എ.എം. കോയ മുസ്‍ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഹാജി കിണാശ്ശേരി, ഇ.ടി.കെ. മൂസ ഹാജി, ലിയാഖത്ത് അലി ദാരിമി, ഇല്‍യാസ് ദാരിമി പ്രസംഗിച്ചു. പി.സി. മുഹമ്മദ് ഇബ്റാഹീം നന്ദി പറഞ്ഞു.
- SKSSF STATE COMMITTEE