സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനം 2016 ഫെബ്രുവരിയില്‍

കോഴിക്കോട് : കേരളത്തിലെ ആധികാരിക മുസ്‌ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഒമ്പത് പതിറ്റാണ്ടുകള്‍ പിന്നിട്ട സാഹചര്യത്തില്‍ 90-ആം വാര്‍ഷികം 2016 ഫെബ്രുവരിയില്‍ അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മുശവറ യോഗത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

പതിനായിരത്തോളം മദ്രസ്സകളും നൂറില്‍പരം അറബി കോളജുകളും ആയിരക്കണക്കിന് മഹല്ലുകളിലായി നിരവധി പള്ളിദര്‍സുകള്‍ക്കും നേതൃത്വം നല്‍കുന്ന സമസ്തയുടെ കീഴില്‍ ഒരു ലക്ഷത്തിലധികം മതാധ്യാപകര്‍ 13 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് മത പാഠം നല്‍കുന്നു. മത പ്രബോധകരും സംഘടനയുടെ അനുബന്ധ വിഭാഗങ്ങളും സമുദായത്തിന്റെയും പൊതു സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.

സമസ്തയുമായി ബന്ധപ്പെട്ട ഏതു തീരുമാനവും മുഷാവറയുടെ അംഗീകാരത്തോടെ മാത്രമേ സാധൂകരിക്കുകയുള്ളൂ എന്ന നിബന്ധന നിലനില്‍ക്കുമ്പോള്‍ ഇതിനെ ധിക്കരിച്ച് പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഒരുവിഭാഗം, പരമ്പരാഗതമായി സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍, മഹല്ലുകള്‍ എന്നിവ പിടിച്ചടക്കാനുള്ള ശ്രമം നിരനതരമായി നടത്തിവരികയാണ്. ഈ വിഭാഗം സ്ഥാപിച്ച ഒരു സ്ഥാപനത്തിലും അവകാശവാദം ഉന്നയിക്കാനോ, പ്രശനങ്ങള്‍ സൃഷ്ടിക്കാനോ ഇന്നുവരെ സമസ്തയുടെ അണികള്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ സമസ്തയുടെ സ്ഥാപനങ്ങളും മഹല്ലുകളും തടസ്സപ്പെടുത്തുകയും കയ്യേറുകയും ചെയ്യുക എന്നത് മറുവിഭാഗം സംഘടനാപരമായ ഒരു ആസൂത്രിത പദ്ധതിയായി നടപ്പാക്കിവരികയാണ്. ഇതിനെതിരെ നിയമപാലകരുടെ ഭാഗത്തുനിന്ന് നീതിനിഷേധം ഉണ്ടാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ നേരില്‍കണ്ട് ബോധ്യപ്പെടുത്തുകയും നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.

തീവ്രവാദം, അധാര്‍മികത എന്നിവ നിര്‍മാര്‍ജ്ജനം ചെയ്യുവാനും, മത വ്യതിയാനത്തിനെതിരെ പുത്തന്‍വാദികളെ പ്രതിരോധിക്കാനും, സമാധാനം, ഐക്യം, മത സൗഹാര്‍ദ്ദം എന്നിവ കാത്തുസൂക്ഷിക്കുവാനും, വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗത്തുനല്‍കിയ വിലപ്പെട്ടസംഭാവനകള്‍ വഴിയും കേരളീയ സമൂഹത്തില്‍ സര്‍വ്വാംഗീകാരവും നേടിയ സംഘടന അതിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ 90 വര്‍ഷം തികയുകയാണ്. ഈ സാഹചര്യത്തില്‍ വാര്‍ഷിക പരിപാടികള്‍ സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി സംഘടന പത്രസമ്മേളനത്തില്‍ അറിയിച്ചു.

സമൂഹ നിര്‍മ്മിതിക്കുള്ള വിവിധ കര്‍മ്മ പദ്ധതികളുമായി വാര്‍ഷിക പരിപാടി താമസിയാതെ ആസൂത്രണം ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു.

ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ (പ്രസി. സമസ്ത), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (ജന. സെക്രട്ടറി. സമസ്ത), സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (ട്രഷറര്‍, സമസ്ത), എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (വൈസ്. പ്രസി, സമസ്ത), കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ (സെക്രട്ടറി, സമസ്ത), എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ (വൈസ്. പ്രസി, സമസ്ത), പി.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ ( പ്രസിഡന്റ്, SKIMVB), സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ (പ്രസി. ജംഇയ്യതുല്‍ മുഅല്ലിമീന്‍) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.