ഭരണകൂടങ്ങള്‍ക്ക് താക്കീതായി മത സ്വാതന്ത്ര സംരക്ഷണ റാലി

തൃശൂര്‍: മത ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരേയും ഭരണഘടന അനുവദിക്കുന്ന മത പ്രചാരണ സ്വാതന്ത്ര ധ്വംസനകള്‍ക്കെതിരേയും ആള്‍ക്കൂട്ട ഭീകരതക്കതിരേയും സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മത സ്വാതന്ത്ര സംരക്ഷണ റാലി സംഘടിപ്പിച്ചു. അടുത്ത കാലങ്ങളായി മുസ്ലിം സമൂഹത്തിനെതിരില്‍ വര്‍ദ്ധിച്ച് വരുന്ന ആള്‍ക്കൂട്ട അക്രമങ്ങളും അതിന് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ സംഘങ്ങളും അതിന് ഒത്താശ ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളും ഭാരതത്തിന്റെ മഹത്തായ പൈതൃകത്തെയാണ് വെല്ല് വിളിക്കുന്നതെന്ന് യോഗം വിലയിരുത്തി. 

ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരണം നടത്താനും അനുവാദം നല്‍കുന്ന ഭരണഘടന അവകാശങ്ങലെ കാറ്റില്‍ പറത്തുന്നതാണ് ഡോ. ഹാദിയ വിധിക്കും പറവൂരിലെ ആള്‍ക്കൂട്ട ഭീകരതക്കും, മതം മാറിയതിന്റെ പേരില്‍ കൊന്നവരും അതിലെ പ്രതിയെ കൊന്നവരും ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ മേലിലാണ് കത്തി വക്കുന്നത്. അവര്‍ ഇന്ത്യയുടെ ശത്രുക്കളാണ്, കൊടിഞ്ഞി ഫൈസല്‍ വധവും കാസര്‍ കോഡ് റിയാസ് മുസ്ലിയാര്‍ വധവും തുടങ്ങി പറവൂര്‍ ലഘുലേഖ വിതരണം വരെയെത്തി നില്‍ക്കുന്ന സംഘപരിവാര്‍ അക്രമങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച മൃദുസമീപനം ആശങ്കാവഹമാണ്. നേരിന്റെ പക്ഷത്ത് നിലകൊളളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം പ്രസ്താവിച്ചു. 

തൃശൂര്‍ എം ഐ സി ജുമാമസ്ജിദിന് മുന്നില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മുന്‍സിപ്പല് സ്റ്റാന്റില്‍ വച്ച് നടത്തപ്പെട്ട പൊതുയോഗം ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ഉദ്ഘാടനെ ചെയ്തു. സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണവും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. സുബൈര്‍ ഹുദവി മുഖ്യപ്രഭാഷണവും നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി നന്ദിയും പറഞ്ഞു. 

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷഹീര്‍ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ മാലികി, ഷാഹിദ് കോയ തങ്ങള്‍, ഹാരിസ് ചൊവ്വല്ലൂര്‍പപടി, അമീന്‍ കൊരട്ടിക്കര, സിദ്ദീഖ് ഫൈസി മങ്കര, സത്താര്‍ ദാരിമി, ഇസ്മായീല്‍ കെ ഇ, സൈഫുദ്ദീന്‍ പാലപ്പിളളി, ശിയാസ് അലി വാഫി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur