മലപ്പുറം: ഇസ്‌ലാമിക കര്‍മശാസ്ത്ര വിധി പ്രകാരം നാല് മദ്ഹബും അംഗീകരിച്ച വിവാഹ മോചനത്തിലെ ഒരു ഭാഗം നിരോധിക്കുക വഴി ബഹുമാനപ്പെട്ട സുപ്രീം കോടതി ഫലത്തില്‍ ശരീഅത്തില്‍ ഇടപെടുകയാണ് ചെയ്തതെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു.
വിവാഹവും വിവാഹമോചനവും സംബന്ധിച്ച് ഇസ്‌ലാമിക വ്യവഹാരങ്ങളെ ഏതാനും ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ടാകാം. ആ പേര് പറഞ്ഞ് ശരീഅത്ത് വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിക്കുന്നത് ദുഃഖകരമാണ്.
പല ഘട്ടങ്ങളിലായി നടത്തിയാലും ഒന്നിച്ചായാലും വിവാഹമോചനം സാധുവാകുമെന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് മൗലികാവകാശ ലംഘനവും ലിംഗഅസമത്വവുമാകുന്നത്.
സിവില്‍നിയമത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് പറഞ്ഞ കോടതി തന്നെ ആറു മാസത്തിനുള്ളില്‍ മുത്വലാക്ക് സംബന്ധിച്ച പുതിയ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നു.
18 കോടിയിലധികം വരുന്ന ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയ മതപരിരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമവ്യവസ്ഥകള്‍ 1937ലെ ശരീഅത്ത് ആക്ടിന്റെ പരിധിയില്‍നിന്നുകൊണ്ട് നടത്താന്‍ പാര്‍ലിമെന്റ് മുന്നോട്ടുവരണം.
എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഒരു പോലെ മതനന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തില്‍ ജാഗ്രത കാണിക്കണം. മുസ്‌ലിം ഇന്ത്യയുടെ ആശങ്ക ദൂരീകരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം-നേതാക്കള്‍ പറഞ്ഞു.
- Sunni Afkar Weekly