മദ്‌റസ പഠനത്തിന്റെ കേരളീയ മാതൃക മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണം - ശക്കീല്‍ അഹ്മദ് കഅ്കവി


ചേളാരി: മദ്‌റസ പ്രസ്ഥാനത്തിന്റെ കേരളീയ മാതൃക മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് ബീഹാര്‍ കാഇനത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശക്കീല്‍ അഹ്മദ് കഅ്കവി അഭിപ്രായപ്പെട്ടു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസ സംവിധാനം നേരിട്ട് മനസ്സിലാക്കാന്‍ ബീഹാറില്‍ നിന്നെത്തിയ പ്രതിനിധി സംഘത്തിന് ചേളാരി സമസ്താലയത്തില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ മദ്‌റസാ സംവിധാനം ബീഹാര്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്‌റസകള്‍ രാജ്യനന്മക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. കുട്ടികളില്‍ ധാര്‍മിക ബോധവും ദേശസ്‌നേഹവും ഊട്ടിഉറപ്പിക്കാന്‍ മദ്‌റസ പാഠ്യപദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തി. ബീഹാര്‍ ഉര്‍ദു ഡവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ഖയ്യൂം അന്‍സാരി, താരീഖ് ഫതാ, ലാഇഖ് അഹ്മദ് കഅ്കവി, എം. എ. ചേളാരി, കെ. കെ. അബ്ദുറഊഫ് ഹുദവി, ഫൈസല്‍ ഹുദവി പട്ടാമ്പി പ്രസംഗിച്ചു. കെ. എച്ച്. കോട്ടപ്പുഴ സ്വാഗതവും കെ. സി. അഹ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari