തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട്: ജിഫ്‌രി തങ്ങള്‍


 മനാമ: തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ടെന്നും സമസ്തയുടെ ചരിത്രത്തിലിന്നുവരെയും ഒരു തീവ്രവാദ ആരോപണവും ഭീകരവാദ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.


സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമസ്ത കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 90 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ 100-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇക്കാലമത്രയും സമസ്തയുടെ ചരിത്രത്തില്‍ തീവ്രവാദ ആരോപണങ്ങളോ ഭീകരവാദ പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല- തങ്ങള്‍ പറഞ്ഞു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതി ഒരിക്കലും സമസ്ത സ്വീകരിച്ചിട്ടില്ലെന്നു മാത്രവുമല്ല, എല്ലാ കാലത്തും അതിനെ എതിര്‍ക്കുകയും അതിനെതിരായി പ്രചരണം നടത്തുകയുമാണ് സമസ്ത ചെയ്തിട്ടുള്ളത്. കൂടാതെ സലഫിസം, മൗദൂദിസം, കള്ള ത്വരീഖത്ത്, വ്യാജ സിദ്ധന്മാര്‍ എന്നിവരെയും സമസ്ത എല്ലാ കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് കേരളത്തില്‍ മത സൗഹാര്‍ദ്ധം നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സമാധാനവും മത സൗഹാര്‍ദ്ദവും ഏറ്റവും നന്നായി നിലനില്‍ക്കുന്നുണ്ടെന്നും ഇത് സമസ്തയുടെ സാന്നിധ്യം കൊണ്ടാണെന്നും ഇതര സംസ്ഥാനങ്ങളില്‍ സമസ്തയുടെ അസാന്നിധ്യം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫില്‍ ചില രാഷ്ട്രങ്ങളില്‍ മത പഠനങ്ങള്‍ക്ക് വിലക്കുണ്ട് എന്നത് ശരിയല്ല. എല്ലാ രാഷ്ട്രങ്ങളും അവരുടെ സുരക്ഷയും സംരക്ഷണവും ശ്രദ്ധിക്കുന്നവരാണ്. അതിന്റെ ഭാഗമായി ആവശ്യമായ നിയന്ത്രണങ്ങളും നിയമങ്ങളും അവര്‍ കൊണ്ടുവരും. കൊണ്ടുവരേണ്ടതുമാണ്. അതേ സമയം വിവിധ രാഷ്ട്രങ്ങളില്‍ ഔഖാഫ്, മതകാര്യവിഭാഗങ്ങള്‍ എന്നിവയുടെ അനുമതിയോടെ നല്ല രീതിയില്‍ മതപഠനങ്ങള്‍ നടക്കുന്നുണ്ടെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി തങ്ങള്‍ പറഞ്ഞു.

സമസ്ത ബഹ്റൈന്‍ ഘടകത്തിന്‍റെ ദ്വൈമാസ മീലാദ് കാന്പയിന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വാര്‍ത്താ സമ്മേളനം നടന്നത്. 
വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, ഉസ്താദ് ആര്‍.വി. കുട്ടി ഹസ്സന്‍ ദാരിമി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. സംഘാടകരായ എസ്.എം.അബ്ദുല്‍ വാഹിദ്, വി.കെ.കുഞ്ഞഹമ്മദ് ഹാജി, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, അശ്‌റഫ് അന്‍വരി, മുസ്ഥഫ കളത്തില്‍, അശ്‌റഫ് കാട്ടില്‍ പീടിക, മുഹമ്മദലി വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു. വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.