മതസൗഹാര്‍ദത്തിന്റെ പൊരുളറിയിച്ച് സമസ്തയുടെ കേഴ്ഘടകം നടത്തിയ നബിദിനറാലി നവ്യാനുഭാവമായി


പരപ്പ (കാസറഗോഡ്):   കാസറഗോടിന്റെ മണ്ണില്‍  അടിക്കടി നടക്കുന്ന വര്‍ഗ്ഗീയ-രാഷ്ട്രീയ അക്രമങ്ങള്‍ക്ക് മേലെ മതസൗഹാര്‍ദത്തിന്‍റെയും ശാന്തിയുടെയും സമാധാനത്തിന്‍റെയും  പൊരുളറിയിച്ച് പരപ്പയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍നിന്‍റെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടന്നു. ദേശത്തിന്റെയും വേഷത്തിന്റെയും വര്ഗ്ഗതിന്റെയും വര്‍ണ്ണത്തിന്റെയും  പേരില്‍ പോരടിച്ച ഒരു സമൂഹത്തിലേക്ക്‌ ശാന്തിമന്ത്രവുമായി കടന്നുവന്ന് അറേബ്യയെ  സാംസ്കാരത്തിന്‍റെയും നാഗരീകതയുടെയും സാഹോദര്യത്തിന്‍റെയും ഐക്യത്തിന്റെയും  ഈറ്റില്ലമാക്കിമാറ്റിയ ലോകഗുരു പ്രവാചക തിരുമേനി മുഹമ്മദ്‌ റസൂല്‍ (സ്വ)യുടെ  അധ്യാപനങ്ങളെ അനുസ്മരിപ്പിക്കുമാറ് പരസ്​പര സൗഹാര്‍ദവും സ്‌നേഹവും പങ്കുവെച്ച് നടന്ന  തിരുദൂതരുടെ ജന്‍മദിനാഘോഷ മീലാദ്‌ റാലി മലയോരത്തെ വര്‍ണാഭമാക്കി.
ഞായറാഴ്ച വൈകീട്ടാണ് ജാതിമതഭേദമന്യെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത നബിദിന റാലി നടന്നത്. മലയോര മേഖലയിലെ മദ്രസ കമ്മിറ്റികളും മഹലുകളും കൈകോര്‍ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍  പരപ്പ റെയിഞ്ച്ന്‍റെയും സമസ്ത കേരളാ മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് 'മെഹ്ഫിലെ മിലാദ്' എന്ന പേരില്‍ റാലിയും പൊതുസമ്മേളനവും നടന്നത്. 

വിവിധ മതനേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ റാലിയുടെ മുന്‍ നിരയില്‍ അണിനിരന്നു. പരപ്പ കോണ്‍വെന്റ് പരിസരത്ത്‌നിന്ന് തുടങ്ങിയ റാലി പരപ്പ സ്‌കൂളിലെ പൊതുസമ്മേളന നഗരിയില്‍ സമാപിച്ചു. തുടര്‍ന്ന് 'വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍' നഗറില്‍ നടന്ന സമ്മേളനം കാസറഗോഡ് എംപി പി. കരുണാകരന്‍  ഉദ്ഘാടനം ചെയ്തു. 

സി.കെ. മുഹമ്മദ് ദാരിമി അധ്യക്ഷനായി. കനകപ്പള്ളി സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് വികാരി ഫാ. ബൈജു കളപ്പുരയ്ക്കല്‍, ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍, ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഹാഷിം അരയില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസറഗോഡ് ജില്ലാ ജന.സെക്രട്ടറി ടി.പി അലി ഫൈസി,  സമസ്ത കേരളാ സുന്നി യുവജന സംഘം ജില്ലാ ട്രെഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ബഷീര്‍ ആറങ്ങാടി, കെ. ഉസ്മാന്‍ ഫൈസി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ലക്ഷ്മണന്‍, കെ.ജെ. വര്‍ക്കി, രാജു കട്ടക്കയം, സി. മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ ലത്വീഫി, സയ്യിദ് ഉമ്മര്‍ ഫൈസല്‍ തങ്ങള്‍, ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി. നായര്‍, ബാബു കോഹിനൂര്‍, സി.എം. ഇബ്രാഹിം, അബ്ദുള്‍ അസീസ് ലത്വീഫി, ജാഫര്‍ ബാഖഫി, സി.എച്ച്. മൊയ്തു ഹാജി എന്നിവര്‍ സംസാരിച്ചു. മംഗലാപുരം സയ്യിദ് സദാത്ത് തങ്ങള്‍ പ്രാര്‍ഥന നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.സി.എ. ലത്തീഫ് സ്വാഗതവും പി.എം. അലി മാലോം നന്ദിയും പറഞ്ഞു.