വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍: ഓളം വെട്ടി ഒഴുകുന്ന കടലുണ്ടിപ്പുഴയെയും ഇടതടവില്ലാതെ വാഹനങ്ങളോടുന്ന ദേശീയപാതയെയും സാക്ഷി നിര്‍ത്തി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ പ്രൗഢ ഗംഭീരമായി സജ്ജീകരിച്ച ‘സാക്ഷ്യം’ ദര്‍ശിക്കുന്നവര്‍ക്ക് ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണമായി.
പ്രപഞ്ചോല്‍പത്തിയില്‍ നിന്നു തുടങ്ങി മുഴുവന്‍ സത്യത്തിനും സാക്ഷികളായി ആത്മാഭിമാനത്തിന്റെ പുത്തന്‍ ചിറകിലേറിയാണ് ഓരോരുത്തരും പ്രദര്‍ശന നഗരിയോടു വിട വാങ്ങുന്നത്. ആദ്യമായി ഇസ്്‌ലാം മത പ്രബോധകര്‍ കേരളത്തിലേക്കു വന്ന കപ്പലും ചേരമാന്‍ ജുമാമസ്ജിദും പൊന്നാനി പള്ളിയും കേരളത്തിലെ ഇസ്്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളായി സാക്ഷ്യം വഹിക്കുന്നുണ്ടിവിടെ.
മുസ്്‌ലിം സമുദായത്തെ ഇസ്്‌ലാമിക ആശയാദര്‍ശങ്ങളില്‍ അടിയുറപ്പിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ദര്‍സ് സംസ്‌കാരവും ആ സംസ്‌കാരത്തിനു തുടക്കമിട്ട പണ്ഡിതസഭയുടെ എട്ടരപ്പതിറ്റാണ്ടു കാലത്തെ സംഭവബഹുലമായ ചരിത്രവും പ്രോജ്വലമായ ഓര്‍മപ്പെടുത്തലുകളാണിവിടെ. സമസ്തക്കു കീഴിലുള്ള സ്ഥാപനങ്ങള്‍ ഒരുക്കിയ സ്റ്റാളുകളും കാവനൂര്‍ മജ്മഅ് തയ്യാറാക്കിയ കഅ്ബയുടെ ചരിത്രം രചിച്ച കില്ലയും കാണികളുടെ അന്തരാളങ്ങളില്‍ ഇസ്്‌ലാമിക സംസ്‌കാരത്തിന്റെ അന്തസത്ത വിളിച്ചറിയിക്കുന്നതാണ്. കഅബയെ എങ്ങനെ ത്വവാഫ് ചെയ്യാമെന്നും ഇവിടെ പഠിപ്പിക്കുന്നു. കൂടാതെ കഅബയുടെ പഴയ രൂപങ്ങള്‍, മക്കയുടെ പഴയ ഫോട്ടോകള്‍ എന്നിവയും കാഴ്ച്ചക്കാര്‍ക്ക് വിജ്ഞാനം നല്‍കുന്നു.
20നു സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം കാണാന്‍ സമ്മേളന നഗരി ഉണര്‍ന്നതോടെ ജനം അണപൊട്ടി ഒഴുകി കൊണ്ടിരിക്കുകായാണ്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മദ്‌റസ, ദര്‍സ് വിദ്യാര്‍ഥികളും നാട്ടുകാരും പണ്ഡിതരുമടക്കം ആയിരങ്ങളാണ് ചരിത്രസാക്ഷ്യം ദര്‍ശിക്കാന്‍ പ്രദര്‍ശന നഗരിയിലെത്തുന്നത്.