സമസ്‌ത പ്രാമാണിക നിലപാടുള്ള പ്രസ്ഥാനം : സി.ഹംസ

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ
മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍
വിഷയമവതരിപ്പിച്ച്‌ സി. ഹംസ പ്രസംഗിക്കുന്നു 
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : സൂക്ഷ്‌മതയുടെ പര്യായങ്ങളായ മദ്‌ഹബിന്റെ ഇമാമുമാരുടെ ചിന്താ സരണിയാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പിന്തുടരുന്നതെന്നും സമസ്‌തയുടെ നിലപാടുകള്‍ക്ക്‌ പ്രമാണങ്ങളുടെയും യുക്തിയുടെയും പിന്‍ബലമുണ്ടെന്നും സി. ഹംസ പറഞ്ഞു. സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രവാചകരുടെ കാല ശേഷം ജീവിച്ച പ്രതിഭാധനരായ പൂര്‍വികരുടെ വഴികളില്‍ നിന്നും സമുദായം ക്രമേണ വ്യതിചലിക്കുകയാണ്‌ . അത്തരം മാറ്റങ്ങള്‍ക്കെതിരെ പണ്ഡിതന്‍മാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌ . ഖൂര്‍ആനെയും ഹദീസിനെയും യുക്തിയുടെ മാനദണ്ഡഡമുപയോഗിച്ച്‌ മനസിലാക്കുകയാണ്‌ പുത്തനാശയക്കാര്‍ ചെയ്‌തത്‌ . ഖുര്‍ആന്‍ ലളിതമാണെന്നാണ്‌ അവരുടെ ന്യായം. എന്നാല്‍ ഖുര്‍ആന്‍ അവതീര്‍ണ്ണമായ പശ്ചാത്തലത്തില്‍ മാത്രമേ ലളിതമായിട്ടുള്ളൂ. പില്‍കാലത്ത്‌ ഖുര്‍ആനികാശയങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അത്‌ ആഴത്തില്‍ അറിഞ്ഞ പൂര്‍വികരെ അനുധാവനം ചെയ്യുക തന്നെ വേണം. പാരമ്പര്യത്തിന്റ തനിമയില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ തലമുറ ഇസ്‌ലാമില്‍ നിന്നകലുന്നത്‌ ഇസ്‌ലാം ആസ്വാദ്യകരമായി അവതരിപ്പിക്കപ്പെടാത്തത്‌ കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
വാക്കോട്‌ മൊയ്‌തീന്‍ ഫൈസി ആമുഖ പ്രഭാഷണവും ജലീല്‍ ഫൈസി പുല്ലങ്കോട്‌ ഉദ്‌ഘാടനവും നിര്‍വഹിച്ചു. ടി.കെ മുഹമ്മദ്‌ കുട്ടി ഫൈസി, സി. ജെ.എസ്‌ ഫൈസി, സി. മമ്മുട്ടി എം.എല്‍.എ സംബന്ധിച്ചു.