സുരക്ഷിത ഭാവിക്ക്‌ സമസ്‌തക്ക്‌ കരുത്തു പകരണം : അബ്ദുസ്സമദ്‌ സമദാനി എം.എല്‍.എ

വരക്കല്‍ മുല്ലക്കോയ നഗര്‍ , കൂരിയാട്‌ : ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ഇടപെടാനും ചര്‍ച്ച ചെയ്യാനും ഏറ്റവും അവകാശപ്പെട്ട പ്രസ്ഥാനമാണ്‌ സമസ്‌തയെന്നും ശരീഅത്ത്‌ വിവാദം പോലുള്ള ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ശംസുല്‍ ഉലമ, കെ.കെ ഹസ്‌റത്ത്‌, കെ.ടി മാനു മുസ്ലിയാര്‍ തുടങ്ങിയവരുടെ ജാഗ്രതയും ഇടപെടലുകളും വിസ്‌മരിക്കാനാവില്ലെന്നും സമുദായത്തിന്റെ സുരക്ഷിത ഭാവിക്ക്‌ സമസ്‌തക്ക്‌ കരുത്തു പകരണമെന്നും എം. പി അബ്‌ദുസ്സമദ്‌ സമദാനി എം.എല്‍.എ പറഞ്ഞു. സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ന്യൂനപക്ഷം അവകാശങ്ങള്‍ അധികാരങ്ങള്‍ എന്ന സെഷനില്‍ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളെ ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കുന്നത്‌ ശരിയല്ല. ഇന്ത്യന്‍ ബഹുസ്വരതയുടെ നിര്‍മാണത്തില്‍ ന്യൂനപക്ഷങ്ങള്‍ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌. 800 വര്‍ഷം മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചപ്പോഴും അവര്‍ ന്യൂനപക്ഷമായിരുന്നു. ആ കാലഘട്ടം ഇന്ത്യയുടെ നിര്‍മാണ ഘട്ടമായിരുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത്‌ പരിഷ്‌കൃത സമൂഹത്തിന്റെ സ്വഭാവമാണെന്നും അതില്‍ സമസ്‌ത വഹിക്കുന്ന പങ്ക്‌ നിസ്‌തുലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ സമുദായമാവുക എന്നത്‌ അഭിമാനമായോ അവസരങ്ങള്‍ നേടിയെടുക്കാനുള്ള അവസരമായോ കാണരുതെന്നും ന്യൂനപക്ഷാവസ്ഥയില്‍ നിന്നും കരകയറാനാണ്‌ നാം ശ്രമിക്കേണ്ടതെന്നും ആദൃശേരി ഹകീം ഫൈസി പറഞ്ഞു. അഹ്‌മദ്‌ തേര്‍ളായി ആമുഖ പ്രഭാഷണം നടത്തി.
ഇ.ടി മുഹമ്മദ്‌ ബശീര്‍ എം.പി, അഡ്വ. സൈതാലിക്കുട്ടി ഹാജി, മൊയ്‌തീനബ്ബ മംഗലാപുരം, എം.എ ചേളാരി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ഹസന്‍ ശരീഫ്‌ കുരിക്കള്‍, അഹ്‌മദ്‌ ഉഖൈല്‍ കൊല്ലം, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ പങ്കെടുത്തു.