സമസ്‌ത 85-ാം വാര്‍ഷികം; ഇന്ന്‌ (19) പ്രാര്‍ത്ഥനാദിനം, വിളംബര ജാഥ, സിയാറത്ത്‌

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ഇന്ന്‌ 9118 മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ സമസ്‌ത കേരള സുന്നി ബാലവേദിയുടെ ബാനറില്‍ മദ്‌റസാ തലങ്ങളില്‍ വിളംബര ജാഥ നടത്തും. 11,08,116 വിദ്യാര്‍ത്ഥികള്‍ ഭാഗവാക്കുന്ന വിളംബര ജാഥ ലോകത്ത്‌ തന്നെ നവചരിത്രം കുറിക്കും. ജില്ലാ സമസ്‌ത നേതാക്കളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലേയും മണ്‍മറഞ്ഞ സമസ്‌ത നേതാക്കളുടെ മഖ്‌ബറകള്‍ സിയാറത്തും ഇന്ന്‌ നടക്കും.

``സത്യസാക്ഷികളാവുക'' എന്നതാണ്‌ ജാഥയില്‍ വിളംബരപ്പെടുത്തുക. ശൈഥല്യത്തിന്റെ പെരുമ്പറ കൊട്ടി ഐക്യത്തിന്റെ അടയാളങ്ങളായ പള്ളികളും ആചാരാനുഷ്ടാന വിശ്വാസരീതികളും ഭിന്നിപ്പിന്റെ കേന്ദ്രങ്ങളും പ്രതിബിംബങ്ങളുണ്ടാക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ തിരിച്ചറിഞ്ഞു പ്രതിരോധം തീര്‍ത്തതാണ്‌ സമസ്‌തയുടെ രൂപീകരണ പശ്ചാത്തലം.
എട്ടരപതിറ്റാണ്ടിന്റെ ജാജല്യമായ വിദ്യാഭ്യാസ-സാംസ്‌ക്കാരിക നവോത്ഥാനങ്ങളുടെ അഭിമാനത്തേരിലാണ്‌ സമസ്‌ത മഹാസമ്മേളനത്തിന്‌ കൊടിയുയരുന്നത്‌.
ഇതിനകം ഇരുപത്‌ ലക്ഷം മുസ്‌ലിം വീടുകളിലെത്തിച്ച സമസ്‌ത സന്ദേശമടങ്ങിയ ലഘുലേഖ, ക്യാമ്പസുകളില്‍ വിതരണം നടത്തിയ പത്ത്‌ ലക്ഷം ലഘുലേഖകള്‍, സമസ്‌ത സന്ദേശയാത്രയിലൂടെ കൈമാറിയ സന്ദേശങ്ങള്‍, കുടുംബിനികള്‍ക്കും കുട്ടികള്‍ക്കും നടത്തിയ ക്വിസ്‌ മത്സരങ്ങള്‍, മഹല്ല്‌-റൈഞ്ച്‌-ജില്ല തല സമ്മേളനങ്ങള്‍, കുടുംബ സദസ്സുകള്‍, ഹൈവേ മാര്‍ച്ചുകള്‍, ജുമുഅക്ക്‌ ശേഷം നടന്ന പ്രഭാഷണങ്ങള്‍ ഇങ്ങനെ നാനാവിധ പ്രചാരങ്ങളിലൂടെ മുഴുവന്‍ ജനങ്ങളിലും സമ്മേളന സന്ദേശവും സമസ്‌ത സന്ദേശവും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.
19ന്‌ പതാകദിനമായി ആചരിക്കും. സത്യം, സമാധാനം (വെള്ള), വിശ്വാസം, ശൗര്യം (പച്ച), നവത്വം, ഊര്‍ജ്ജസ്വലത, പുതുമ (മാന്തിളര്‍, മാവിന്റെ തളിര്‍ ലൈറ്റ്‌ ബ്രൗണ്‍), ഇസ്‌ലാമിക പാരമ്പര്യം പ്രതിബദ്ധത (ചന്ദ്രക്കല) പ്രവാചക സ്‌നേഹം, വിജയം, മോക്ഷം (ഖുബ്ബ) അടങ്ങിയതാണ്‌ സമസ്‌തയുടെ പതാക. 3x2 അനുപാതം മുഴുനീളത്തില്‍ നാലിലൊന്നുഭാഗം. താഴെ പച്ച. മൂന്നില്‍ രണ്ട്‌ വെള്ള പ്രതലത്തില്‍ നീല ഖുബ്ബ, മൂന്നിലൊന്ന്‌ മാന്തളിര്‍ പ്രതലത്തില്‍ വെള്ള ചന്ദ്രക്കല. 
കഴിഞ്ഞ എട്ടരപതിറ്റാണ്ടായി എത്രയോ ലക്ഷം മുസ്‌ലിംകള്‍ മാര്‍ഗ്ഗ ദര്‍ശനമായി സ്വീകരിച്ചാദരിക്കുന്ന ത്രിവര്‍ണ്ണ പതാക 19-02-2012ന്‌ മലയാളി സാന്നിദ്ധ്യമുള്ള പതിനായിരത്തിലധികം പ്രദേശങ്ങളില്‍ ഉയര്‍ത്തും. സമ്മേളനം വിളിച്ചറിയിക്കുന്ന ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ഗൈറ്റുകള്‍, സപ്ലിമെന്റുകള്‍, നോട്ടീസുകള്‍, അനൗണ്‍സ്‌ വാഹനങ്ങള്‍ തുടങ്ങി പ്രചാരണത്തിന്റെ പ്രൗഡിയും, പ്രാധാന്യവും വിളംബരപ്പെടുത്തുന്നുണ്ട്‌. 20ന്‌ സാക്ഷ്യം-12 ഉദ്‌ഘാടനം ചെയ്യുന്നതോടെ എല്ലാ കണ്ണുകളും കാലുകളും വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലേക്ക്‌ നിങ്ങുകയായി.