കേശവിവാദം: ഖസ്റജിയുമായി ചര്ച്ചയ്ക്ക് തയ്യാറെന്ന് സമസ്ത നേതാക്കള്‍

കോഴിക്കോട്: കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിപ്പുള്ള പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന കേശത്തിന്റെ ആധികാരികത തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതിന് അഹമ്മദ് ഖസ്‌റജിയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയാവാമെന്നു കാന്തപുരം വിഭാഗം അറിയിച്ചിരുന്നു.അതിനാലാണു ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അറിയിക്കുന്നതെന്നു സമസ്ത കേരള  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ നദ്്‌വി കൂരിയാടും എസ്.വൈ.എസ് ജോ. സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും പറഞ്ഞു.
തന്റെ വീട്ടില്‍ നിരവധി തിരുശേഷിപ്പുകളുണെ്ടന്നാണു കഴിഞ്ഞദിവസം ഖസ്്‌റജി പറഞ്ഞത്. എന്നാല്‍ കാന്തപുരത്തിനു മുടി നല്‍കിയ അഹമ്മദ് ഖസ്‌റജി തന്നെ പ്രസിദ്ധീകരിച്ച അസ്‌റാറു ആസാറുന്നബവിയ്യ എന്ന പുസ്തകത്തില്‍ ലോകത്തിലുള്ള തിരുശേഷിപ്പുകളെക്കുറിച്ചു ചിത്രസഹിതം വിശദീകരിച്ചെങ്കിലും തന്റെ കൈവശമുണെ്ടന്നു പറയപ്പെടുന്ന കേശത്തെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല. വ്യാജ കേശങ്ങളുപയോഗിച്ച് സാമ്പത്തിക ചൂഷണം നടത്തുന്ന സാഹചര്യത്തില്‍ തങ്ങളുടെ കൈയിലുള്ളതു പോലിസിന് കൈമാറും.
കാന്തപുരവും തന്റെ കൈയിലുള്ളത് അധികാരികള്‍ക്കു കൈമാറി വിവാദം അവസാനിപ്പിക്കണം. തിരുകേശപ്പള്ളി നിര്‍മിക്കാന്‍ പണപ്പിരിവ് നടത്തിയ കാന്തപുരം പള്ളിക്ക് ശിലയിട്ടപ്പോള്‍ ശഅ്‌റേ മുബാറക് പള്ളി എന്ന അതിന്റെ പേര് മസ്ജിദുല്‍ ആസാര്‍ (പുരാവസ്തു പള്ളി) എന്നാക്കിയതു കാന്തപുരം വിഭാഗത്തിലെ വിഭാഗീയതയും അഭിപ്രായവ്യത്യാസങ്ങളും കാരണമാണ്.
ശിലാസ്ഥാപനം കഴിഞ്ഞിട്ടും പള്ളി പണിയുന്ന സ്ഥലം കൃത്യമായി വെളിപ്പെടുത്താന്‍ കാന്തപുരം തയ്യാറാവാത്തതു റിയല്‍ എസ്റ്റേറ്റ് ലക്ഷ്യങ്ങള്‍ കാരണമാണ്. കോടികളുടെ തിരുകേശപ്പള്ളി പണിയുന്നതിലൂടെ പണവും പ്രശസ്തിയുമാണു കാന്തപുരം ലക്ഷ്യമിടുന്നത്. മുടി സ്ഥാപിക്കുന്നതിനു വേണ്ടി പള്ളി പണിയുക എന്നത് ഇസ്്‌ലാമിലില്ല. എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി, എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ, വി കെ മുഹമ്മദ്കുട്ടി മുസ്‌ല്യാര്‍, അയ്യൂബ് കൂളിമാട് സംബന്ധിച്ചു.