സമസ്ത: കൊണ്ടോട്ടി മണ്ഡലം സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാര്‍ച്ച് ഇരുപത്തിമൂന്നിന് പണ്ഡിത സമ്മേളനത്തോടെ തുടക്കമാവും

കൊണ്ടോട്ടി : ആദര്‍ശം, വിജ്ഞാനം, വിശുദ്ധി എന്ന പ്രമേയത്തില്‍ സമസ്ത കൊണ്ടോട്ടി മണ്ഡലം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമ്മേളനത്തിന്റെ് ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ സമ്മേളനങ്ങള്‍ നടക്കും. സമ്മേളനത്തിന്റെ വിജയത്തിന്നായി മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന കൊണ്ടോട്ടി, നെടിയിരിപ്പ്, ചെറുകാവ്‌, വാഴയൂര്‍, വാഴക്കാട്, ചീകോട്, മുതുവല്ലൂര്‍, പുളിക്കല്‍, കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളില്‍ സ്വാഗത സംഘം രൂപീകരിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഈ മാസം 23 ന് കൊണ്ടോട്ടിയില്‍ വെച്ച് നടക്കുന്ന ഉലമ ഉമറാ സമ്മേളനത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. 28 ന് മുണ്ടക്കുളം ശംസുല്‍ ഉലമ ഇസ്ലാമിക്‌ കോംപ്ലക്സില്‍ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഖുതബാ സമ്മേളനം നടക്കും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി ഹംസ സാഹിബ്‌ തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. ഏപ്രില്‍ നാലിന് എടവണ്ണപ്പാറയില്‍ വെച്ച് ത്വലബ സമ്മേളനവും, പതിനാലിന് മഹല്ല് നേതൃ സംഗമവും, പതിനഞ്ചിന് പുളിക്കലില്‍ വെച്ച് മുഅല്ലിം സമ്മേളനവും നടക്കും.

മെയ്‌ എട്ടിന് കൊണ്ടോട്ടിയില്‍ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ നഗരിയിലാണ് സമാപന സമ്മേളനം നടക്കുന്നത്. മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം, പ്രകടനം എന്നിവ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കും. വിവിധ സമ്മേളനങ്ങളിലായി മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം കൊണ്ടോട്ടി ഖസിയാരകം മദ്രസയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ കരീം മുസ്ലിയാര്‍ അധ്യക്ഷനായി. കെ എസ് ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ ബി എസ് കെ തങ്ങള്‍, മുഹമ്മദ്‌ കുട്ടി ദാരിമി, ഗഫൂര്‍ ദാരിമി, നാസ്വിറുദ്ധീന്‍ ദാരിമി, യു കെ ബഷീര്‍ മൗലവി, ബാപ്പു മുതുപറമ്പ്, ഹംസ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, യൂനുസ്‌ ഫൈസി വെട്ടുപാറ, ജലീല്‍ ഒളവട്ടൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- Yoonus MP