വനിതാ പ്രാതിനിധ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുമോ?

കോഴിക്കോട് : ഇസ്‌ലാമിന്റെ പാരമ്പര്യങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ അജണ്ടയാണ് മഹല്ലു സംവിധാനത്തില്‍ സ്ത്രീകള്‍ക്ക പ്രാതിനിധ്യം വേണമെന്ന മുജാഹിദ് വിഭാഗത്തിന്റെ പുതിയ വാദത്തിലുള്ളതെന്ന് സുന്നി സംഘടനാ നേതാക്കളായ മുക്കം ഉമര്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അഭിപ്രായപ്പെട്ടു. ഈ തീരുമാനം പള്ളി ഖത്വീബുമാര്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുമോ എന്നവര്‍ വ്യക്തമാക്കണം. മുസ്‌ലിം മഹല്ലുകളിലെ പ്രധാന ആരാധനാ കേന്ദ്രമായ പളളികളിലെ ഇമാം, ഖത്വീബ്, മുഅദിന്‍ തുടങ്ങിയ തസ്തിക ഒരെണ്ണമെങ്കിലും സ്ത്രീകള്‍ക്ക് സംവരണമായി നിശ്ചയിച്ചു കൊണ്ട് തങ്ങളുടെ തീരുമാനത്തോടുള്ള ആത്മാര്‍ത്ഥത ബന്ധപ്പെട്ടവര്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.

മുസ്‌ലിം സ്ഥാപനങ്ങളുടെ ഭരണ സമിതികളിലും ജീവനക്കാരിലും സ്ത്രീ പ്രാതിനിധ്യം ഇല്ലെങ്കില്‍ അവള്‍ അവഗണിക്കപ്പെടുമെന്ന ചിന്ത അസ്ഥാനത്താണ്. ഒരു ലക്ഷത്തില്‍പരം പ്രവാചകന്‍ന്മാരില്‍ ഒരാളെ പോലും സ്ത്രീയായി പരിഗണിക്കാതിരുന്ന ഇസ്‌ലാം സ്ത്രീകള്‍ക്ക് നീതി നല്‍കുന്ന കാര്യത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ സമ്പൂര്‍ണമായി വകവെച്ച് കൊടുക്കുക എന്നതാണ് പ്രധാനം. സ്ത്രീ പ്രാതിനിധ്യം ഇല്ലാതെ തന്നെ മുസ്‌ലിംകള്‍ കഴിഞ്ഞ പതിനാലു നുറ്റാണ്ടു കാലം അത് നിര്‍വഹിച്ചു പോന്നിട്ടുണ്ട്. അമ്പത് ശതമാനം സ്ത്രീക്ക് പ്രാതിനിധ്യം നല്‍കിയാല്‍ പോലും അവരുടെ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കണമെന്ന ധര്‍മ ബോധം പുരുഷന്മാര്‍ക്ക് ഇല്ലെങ്കില്‍ സ്ത്രീ പ്രാതിനിധ്യം എന്നത് കൊണ്ട് എന്ത് ഫലമാണ് ഉണ്ടാകുക എന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു - അവര്‍ പറഞ്ഞു.
- SKSSF STATE COMMITTEE