ആരാധനാലയങ്ങള്‍ക്ക്‌ നേരെ അക്രമം നടത്തുന്നവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പെടുത്തണം : SKSSF

കാസര്‍കോട്‌ : കാസര്‍കോട്‌ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇരുളിന്റെ മറവില്‍ ആരാധനാലയങ്ങള്‍ക്ക്‌ നേരെ അക്രമം നടത്തുകയും അതുവഴി മതസൗഹാര്‍ദ്ദത്തോടുകൂടി മുന്നോട്ട്‌ നീങ്ങുന്ന ഇരുവിഭാഗങ്ങളില്‍ ചേരിതിരിവുണ്ടാക്കി വര്‍ഗ്ഗീയകലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ മത- രാഷ്‌ട്രീയ ബന്ധങ്ങള്‍ നോക്കാതെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന്‌ SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. പ്രതികളെ കാണിച്ചുകൊടുത്താല്‍ തന്നെ ആരെയോ തൃപ്‌തിപെടുത്താന്‍ വേണ്ടി പേരിന്‌ മാത്രം കേസെടുക്കുകയും പ്രതികളെ രക്ഷപ്പെടുത്താന്‍ ഉല്‍സാഹം കാണിക്കുകയും ചെയ്യുന്ന പോലീസുദ്യോഗസ്ഥരാണ്‌ ജില്ലയില്‍ തുടര്‍ന്നുവരുന്ന വര്‍ഗ്ഗീയ ലഹളകള്‍ വര്‍ദ്ധിക്കാന്‍ കാരണക്കാര്‍. കഴിഞ്ഞ ദിവസം പാറക്കട്ട ബദര്‍മസ്‌ജിദിന്‌ നേരെയുണ്ടായ അക്രമവും മീപ്പുഗിരിയില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച്‌ കെട്ടിയ കൊടിതോരണങ്ങള്‍ നശിപ്പിച്ച സംഭവവും പ്രതിഷേധാര്‍ഹമാണെന്ന്‌ നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.