സമസ്‌ത 85-ാം വാര്‍ഷികം; മാനേജ്‌മെന്റുകള്‍ കര്‍മ്മ രംഗത്തിറങ്ങും

ചേളാരി : 2012 ഫെബ്രുവരി 23 മുതല്‍ 26 വരെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക സമ്മേളന വിജയത്തിന്നായി എല്ലാ മദ്‌റസാ മാനേജിംഗ്‌ കമ്മിറ്റികളും കര്‍മ്മ രംഗത്തിറങ്ങുവാന്‍ സമസ്‌ത മദ്‌റസാ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മദ്‌റസാ പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തിന്നും, വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീകരണം നടത്തി മതവിദ്യാഭ്യാസത്തിന്‌ ഇടിവ്‌ പറ്റുന്ന സമീപനങ്ങള്‍ തിരുത്തുവാന്‍ വ്യാപകമായ ബോധവല്‍ക്കരണങ്ങള്‍ നടത്തുന്നതിനും, മത രംഗം ചൈതന്യവല്‍ക്കരിക്കുന്ന മദ്‌റസാ മേഖല നേരിടുന്ന കാലിക വെല്ലുവിളികള്‍ പഠിച്ചു പ്രശ്‌ന പരിഹാരങ്ങള്‍ കാണുന്നതിനും ജില്ലാ, റൈഞ്ച്‌ മഹല്ല്‌ തലങ്ങളില്‍ നടപ്പിലാക്കേണ്ടുന്ന കര്‍മ്മ പദ്ധതി യോഗം ചര്‍ച്ച ചെയ്‌തു അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന മദ്‌റസാ നവീകരണ പദ്ധതി ഫലപ്രദമായി നടത്തുവാനും, പദ്ധതിയുടെ ഗുണഫലം വരാനിരിക്കുന്ന പത്താം തരം, പ്ലസ്‌ ടു പരീക്ഷകളില്‍ പ്രതിഫലിക്കുന്നതിനും മദ്‌റസാ കമ്മിറ്റികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. കമ്പ്യൂട്ടര്‍ പഠനമുള്‍പ്പെടെയുള്ള സൗകര്യങ്ങളും ലൈബ്രററികളും ഭാവി സമൂഹത്തിന്‌ നടന്നു കയറി വിജയം വരിക്കാനുപകരിക്കുന്നവിധം ഫലപ്രദമാക്കണമെന്നും യോഗം ഉണര്‍ത്തി. സംസ്ഥാന പ്രസിഡണ്ട്‌ കുമരം പുത്തൂര്‍ എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍, അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കൊട്ടപ്പുറം അബ്‌ദുള്ള മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഹാജി എ.മരക്കാര്‍ മുസ്‌ലിയാര്‍, കെ.പി.സി. തങ്ങള്‍, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, ബാപ്പു ഹാജി ബിതര്‍ക്കാട്‌, ഒ.എം.ശരീഫ്‌ ദാരിമി, പിണങ്ങോട്‌ അബൂബക്കര്‍ വയനാട്‌, പി.ടി.കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, എം.എ.ചേളാരി, അബ്‌ദുസലാം ഹാജി, ഹസൈനാര്‍ മൗലവി, എ.കെ.ഇബ്രാഹീം എറണാംകുളം, അബ്‌ദുലത്തീഫ്‌ മുസ്‌ലിയാര്‍ ആലപ്പുഴ, അബ്‌ദുല്‍ഖാദിര്‍ കോട്ടയം, പി.എസ്‌. അബ്‌ദുല്‍ജബ്ബാര്‍ ഇടുക്കി, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, സൈനുദ്ദീന്‍ ഹാജി കാസര്‍ഗോഡ്‌, ശംസുദ്ദീന്‍ കൂട്ടായി ബാംഗ്ലൂര്‍, എസ്‌.കെ.ഹംസ ഹാജി കണ്ണൂര്‍, ഉമര്‍ ഫൈസി മുക്കം, കെ.പി.കോയ കോഴിക്കോട്‌, കെ.പി.മുഹമ്മദ്‌ ഹാജി നീലഗിരി, ലിയാഖത്ത്‌ അലിഖാന്‍ പാലക്കാട്‌, എ.ടി.എം.കുട്ടി മൗലവി, കെ.എം.കുട്ടി എടക്കുളം, ബക്കര്‍ ചെര്‍ന്നൂര്‍, ബശീര്‍ ഹാജി കൊടക്‌, ഹാജി മൊയ്‌തീനബ്ബ മംഗലാപുരം ചര്‍ച്ചയില്‍ പങ്കെടുത്തു. പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.