മസ്കത്ത്
: വിജ്ഞാനമാണ്
വ്യക്തിയുടെയും സമൂഹങ്ങളുടെയും
സര്‍വ്വതോന്മുഖമായ പുരോഗതിയുടെ
ചാലക ശകതിയെന്നും മനുഷ്യന്‍റെ
ധൈഷണിക ക്രയ ശേഷിയുടെ പോഷണം
വിശ്വാസത്തിന്‍റെ അവിഭാജ്യ
ഘടകമാണെന്നും പ്രമുഖ ഒമാനീ
പണ്ഡിതനും പ്രഭാഷകനുമായ ശൈഖ്
ഖല്‍ഫാന്‍ അല്‍ അയ്സരി
അഭിപ്രായപ്പെട്ടു. റൂവി
അല്‍ഫലാജ് ഹോട്ടലില്‍ മസ്കത്ത്
സുന്നീ സെന്‍റര്‍ ഒരുക്കിയ
ഹുബ്ബുര്‍റസൂല്‍ നബിദിന
സമ്മേളനത്തില്‍ വിശിഷ്ടാഥിതിയായി
പങ്കെടുത്ത് സംസാരിക്കുകയായിരുന്നു,
അദ്ദേഹം.
വിദ്യയും
അതിലൂടെ നേടുന്ന നാഗരികമായ
അഭ്യൂന്നതിയുമാണ് ഏതു
സമൂഹത്തിന്‍റെയും പുരോഗതിയുടെയും
വികസനത്തിന്‍റെയും യഥാര്‍ത്ഥ
മാനദണ്ഡം. വായിക്കാനും
പഠിക്കാനും അന്വേഷിക്കാനും
ആഹ്വാനം ചെയ്തു കടന്നുവന്ന
ഒരു മത ഗ്രന്ഥത്തിന്‍റെ
പിന്‍മുറക്കാര്‍ വിജ്ഞാനത്തിന്‍റെയും
സാങ്കേതിക വിദ്യയുടെയും
കേവലം ഇറക്കുമതിക്കാരും
ഉപഭോക്താക്കളുമായി ചുരുങ്ങുന്നതിനു
പകരം അതിന്‍റെ ഉല്‍പാദകരും
വിതരണക്കാരുമാവേണ്ടതുണ്ട്.
നഷ്ടപ്പെട്ടു
പോയ വേണ്ടപ്പെട്ടതെന്തോ
തിരയുന്ന കൌതുകവും ജിജ്ഞാസയും
ഗൗരവവും വിദ്യഭാസത്തിന്‍റെ
കാര്യത്തില്‍ പുലര്‍ത്താന്‍
വിശ്വാസി ബാധ്യസ്ഥനാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാചകനോടുള്ള
അളവറ്റ സ്നേഹം രേഖപ്പെടുത്താനും
പ്രകടിപ്പിക്കാനുമുള്ള
അവസരമെന്നതോടൊപ്പം തിരുദൂതര്‍
നിലകൊണ്ട ആശയങ്ങളോടും
പ്രചരിപ്പിച്ച ഉദാത്തമായ
മാനുഷിക മൂല്യങ്ങളോടും
ഉന്നതമായ ആശയങ്ങളോടുമുള്ള
പ്രതിബദ്ധത പുതുക്കാനുള്ള
അവസരമാണ് ഓരോ വിശ്വാസിക്കും
നബിദിനമെന്ന് ശൈഖ് ഖല്‍ഫാന്‍
ഓര്‍മ്മിപ്പിച്ചു.
കേവല
ബിരുദങ്ങള്‍ക്കും
സര്‍ട്ടിഫിക്കറ്റുകള്‍ക്കുമപ്പുറം
അവനവനേയും ജീവിക്കുന്ന
കാലത്തേയും ക്രിയാത്മകമായി
മാറ്റിപ്പണിയാനുതകുന്ന അറിവ്
അന്വേഷിച്ച് ചെല്ലാന്‍ അദ്ദേഹം
വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു.
പ്രവാചകന്‍റെ
ആഗമനോദ്ദേശ്യത്തെ ഖുര്‍ആന്‍
വിശദീകരിക്കുന്നത് മനുഷ്യനു
വേദ ഗ്രന്ഥവും ജ്ഞാനവും
പഠിപ്പിക്കാനും അവനു സാംസ്കാരികമായ
ശിക്ഷണം നല്‍കാനുമാണ്.
തിരുദൂതരിലൂടെ
അറിവിന്റെയും സംസ്കാരത്തിന്റെയും
ശിക്ഷണം ലഭിച്ചവരാണ് പിന്നീട്
വലിയ നാഗരികതയുടെ സ്രഷ്ടാക്കളായത്,
അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫാര്‍
വൈസ് പസിഡന്റും എം.ഡി.യുമായ
ഡോക്ടര്‍ പി. മുഹമ്മദലി
സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
സമസ്ത കേരള
ജംഇയ്യത്തുല്‍ ഉലമയുടെ
എണ്‍പത്തിയഞ്ചാം വാര്‍ഷിക
മഹാസമ്മേളനത്തിന്‍റെ
പ്രചരണാര്‍ത്ഥം മസ്കത്തിലെത്തിയ
പ്രമുഖ പണ്ഡിതനും വാഗ്മിയും
ഗ്രന്‍ഥകാരനുമായ മുസ്തഫല്‍
ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
ലുലു ഹൈപ്പര്‍
മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍
ഷബീര്‍ കെ.എ.
ആശംസാ പ്രസംഗം
നടത്തി. സെന്‍റര്‍
പ്രസിഡന്‍റ് ഇസ്മാഈല്‍ കുഞ്ഞി
ഹാജി ആധ്യക്ഷം വഹിച്ചു.സെന്‍റര്‍
ഉപദേശക സമിതി ചെയര്‍മാന്‍
ഉസ്താദ് പുറങ്ങ് അബ്ദുല്ല
മൗലവി ഉദ്ബോധന പ്രസംഗവും
ഇസ്ലാമിക് സ്കൂള്‍ ഫോര്‍
ഖുര്‍ആന്‍ സ്റ്റഡീസ് വൈസ
പ്രിന്സിപ്പാള്‍ മുഹമ്മദലി
ഫൈസി നബിദിന സന്ദേശ പ്രഭാഷണവും
നടത്തി. ദഫ്,
കോല്‍ക്കളി,
മാര്‍ച്ച്
പാസ്റ്റ് തുടങ്ങി ഇസ്ലാമിക്
സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍
സ്റ്റഡീസ് വിദ്യാര്‍ഥികള്‍
അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍
ഏറെ ആകര്‍ഷകമായിരുന്നു.
വിദ്യാര്‍ഥികള്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റ് വിതരണവും
സമ്മാന ദാനവും വേദിയില്‍
നടന്നു. പ്രോഗ്രാം
കമ്മിറ്റി ജനറല്‍ കണ്‍വീനര്‍
സേതു ഹാജി പൊന്നാനി സ്വാഗതവും
ഹസന്‍ ബാവ ഹാജി നന്ദിയും
പറഞ്ഞു.