തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി
വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ഭാരവാഹികളോടും നേരിട്ട് ആശയവിനിമയം നടത്താന്‍
വേണ്ടി ബ്രിട്ടണില്‍ നിന്നുള്ള ഉന്നത മുസ്‌ലിം പ്രതിനിധി സംഘം ഇന്ന്
ദാറുല്‍ഹുദായിലെത്തും. ബ്രിട്ടനിലെ മുസ്‌ലിം അനുഭവങ്ങള്‍ പങ്കുവെക്കലും ഇതര
മതസ്ഥരോട് ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വീകരിക്കുന്ന സ്‌നേഹ സമാധാനാന്തരീക്ഷം
അനുഭവിച്ചറിയുകയും അത് പ്രകാരം ഇന്ത്യയിലെയും ബ്രിട്ടനിലെയും മുസ്‌ലിം
സഹോദരങ്ങള്‍ക്കിടയില്‍ പരസ്‌പര സഹകരണ മനോഭാവം രൂപപ്പെടുത്തിയെടുക്കലുമാണ്
പ്രതിനിധികളുടെ സന്ദര്‍ശനോദ്ദേശ്യം. ലോക തലത്തില്‍ വ്യത്യസ്‌ത സമുദായങ്ങള്‍ക്കും
സംസ്‌കാരങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ആശയങ്ങളും വിദ്യാഭ്യാസ ക്രമങ്ങളും
പരസ്‌പര കൈമാറ്റം നടത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവിഷകരിച്ച
പദ്ധതി പ്രകാരമാണ് ഈ സന്ദര്‍ശനം.
യു.കെയിലെ മദ്രസ കരിക്കുലവും അവ മുന്നോട്ട്
വെക്കുന്ന ബഹുമത സാഹോദര്യ സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും ഭാവിയിലെ മദ്രസാ
വിദ്യഭ്യാസത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള അവസരങ്ങളുമാണ് ദാറുല്‍ഹുദായില്‍ ചര്‍ച്ച
ചെയ്യപ്പെടുക. ബ്രിട്ടനിലെ മുസ്‌ലിം ജീവിതത്തെക്കുറിച്ചും മുസ്‌ലിംകളോടും ഇതര
മതസ്ഥരോടുമുള്ള ബ്രിട്ടീഷ് സര്‍ക്കാറിന്റെ സമീപനങ്ങളെക്കുറിച്ചും ബഹുസ്വര
ബ്രിട്ടീഷ് സമൂഹത്തെക്കുറിച്ചും ഇന്ത്യയിലെയും കേരളത്തിലെയും മുസ്‌ലിം
സാഹചര്യങ്ങളെക്കുറിച്ചും തുടര്‍ന്നുള്ള സെഷനുകളില്‍ ചര്‍ച്ച ചെയ്യും. യു.കെ
ഇസ്‌ലാമിക് ട്രെബൂണല്‍ (ശരീഅഃ കൗണ്‍സില്‍) ബോര്‍ഡ് അംഗവും മുഫ്‌തിയുമായ യൂസുഫ്
അക്കുടി, ഡോ.അബ്‌ദുല്‍ ബി.ശൈഖ് (ലീഡ്‌സ് യൂണിവേഴ്‌സിറ്റി ലെക്‌ചറര്‍), ഉസ്‌മാന്‍
യൂസുഫ് ശൈഖ്, യൂസുഫ് ലോര്‍ഗറ്റ്, അസദ് മിര്‍സ (എഡിറ്റര്‍, ബ്രിട്ടന്‍ ടുഡെ)
തുടങ്ങിയവരടങ്ങുന്നതാണ് പ്രതിനിധി സംഘം.