എ.ഡി. 570
ഓഗസ്റ്റ് 30 (റബീഉല്‍ അവ്വല്‍ 12)ന് ജനനം. എ.ഡി.632 ജൂണ്‍ 7 (ഹിജ്‌റ 10
റബീഉല്‍അവ്വല്‍ 12) വഫാത്ത്.
`എന്റെ സൃഷ്ടിപ്പ് ഭംഗിയാക്കിയപോലെ എന്റെ
സ്വഭാവഗുണങ്ങളും അല്ലാഹുവേ ഭംഗിയാക്കേണമേ' ഇത് പ്രവാചകന്റെ പ്രാര്‍ത്ഥനയാണ്.
മുഹമ്മദ് നബി(സ) പരുഷമായി സംസാരിച്ചിരുന്നില്ല. ഗൗരവ സ്വരത്തിലോ, ആജ്ഞാസ്വരത്തിലോ,
ദ്വയാര്‍ത്ഥത്തിലോ, ദുഃസൂചനയോടെയോ, വേദനിപ്പിക്കുന്ന വിധമോ, പരിഹസിക്കുന്ന തരത്തിലോ
ഒരിക്കലും സംസാരിച്ചിട്ടില്ല. ദൈവീക വെളിപാടില്ലാതെ അവിടുന്ന് സംസാരിക്കില്ലെന്ന
പരിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തി. തമാശയായിപോലും കളവു പറഞ്ഞില്ല. ഏഷണി,
പരദൂഷണം, കുറ്റപ്പെടുത്തല്‍ ഉണ്ടായില്ല. പ്രവാചകന്‍ പൊട്ടിച്ചിരിച്ചിരുന്നില്ല.
പുഞ്ചിരിയില്‍ ഒതുക്കി. ഇടയില്‍ കയറി നബി(സ) സംസാരിച്ചില്ല. മറ്റൊരാളുടെ സംസാരം
ഒരിക്കലും തടസ്സപ്പെടുത്തിയിട്ടുമില്ല. നല്ല പ്രവൃത്തികളെ അഭിനന്ദിക്കുകയും,
പുകഴ്‌ത്തിപ്പറയുകയും ചെയ്‌തിരുന്നു. അത് ചെറിയ കാര്യമാണെങ്കില്‍
പോലും.
സത്യത്തിനുവേണ്ടി മാത്രമേ കോപിച്ചിരുന്നുള്ളൂ. എല്ലാ സമുദായ നേതാക്കളെയും
ആദരിച്ചിരുന്നു. ഭവനങ്ങളില്‍ ചെല്ലുമ്പോള്‍ വാതില്‍ മുട്ടിവിളിച്ച് സലാം
ചൊല്ലുകയും വീട്ടുകാരന്റെ അനുവാദം ലഭിച്ചതില്‍പിന്നെ ഉറങ്ങുന്നവരെ ഉണര്‍ത്താതെ
മാത്രമേ പ്രവേശിക്കുകയുമായിരുന്നുള്ളൂ.
രോഗികളെ സന്ദര്‍ശിക്കുക ജനാസയെ
അനുഗമിക്കുക പ്രവാചകന്റെ സ്വഭാവമായിരുന്നു. സന്ദര്‍ശകര്‍ പിരിഞ്ഞതിനു ശേഷമാണ്
പ്രവാചകന്‍ എഴുന്നേല്‍ക്കാറ്. സന്ദര്‍ശകര്‍ക്ക് വേണ്ടി നിസ്‌കാരം ലഘുവാക്കി
നിര്‍വ്വഹിക്കുമായിരുന്നു. സലാം പറയലും ഹസ്‌തദാനവും പതിവില്‍ പെടുന്നു.
ഹസ്‌തദാനാവസരത്തില്‍ നബി(സ) കൈ ആദ്യം പിന്‍വലിച്ചിരുന്നില്ല. നീതി, സത്യം,
ധര്‍മ്മം, സഹവര്‍ത്തിത്വം എന്നിവ സഹജ ഗുണമായിരുന്നു.
നല്ല പേരുകള്‍
ഇഷ്ടപ്പെടുകയും, ചീത്ത പേരുകള്‍ മാറ്റി നല്ലപേരുകള്‍ നല്‍കുകയും, കൂടിയാലോചന
നടത്തുകയും ചെയ്യുമായിരുന്നു. കുട്ടികളെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന നബി(സ)
അവരുമായി കളിതമാശകളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു വിധവകള്‍, സാധുക്കള്‍
തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിച്ചറിയും. അനുയായികളെ ഇരുത്തിയതിനുശേഷമേ
അവിടുന്ന് ഇരിക്കുമായിരുന്നുള്ളൂ. അതിഥികളെ ആദരിക്കും. സ്വന്തം വിരിപ്പ്
അതിഥികള്‍ക്കു നല്‍കും. മിസ്‌വാക്ക് (പല്ലുതേക്കല്‍) ഒരു ചര്യയായി സ്വീകരിച്ചു.
ശുദ്ധിയും, സുഗന്ധവും പ്രധാനഗുണമായി സ്വീകരിച്ച നബി(സ) അനുയായികളെ അതിന്
ഉപദേശിക്കാറുമുണ്ട്.
വസ്‌ത്രങ്ങള്‍ സ്വയം അലക്കിയിരുന്ന നബി(സ) താടിയും മുടിയും
ഭംഗിയാക്കി ചീകിയൊതുക്കി വെക്കുക പതിവായിരുന്നു. വൃത്തിയായി ജീവിച്ചു. വൃത്തി
വിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രവാചകന്‍ പ്രസ്‌താവിച്ചു.
പ്രധാന സമ്മേളനങ്ങള്‍,
സംഭവങ്ങള്‍, പെരുന്നാള്‍ ദിവസങ്ങള്‍, ജുമുഅ ദിവസങ്ങള്‍ തുടങ്ങിയ സമയങ്ങളില്‍
കൂടുതല്‍ ഭംഗിയുള്ള വസ്‌ത്രങ്ങളാണ് ധരിച്ചിരുന്നത്. അധികവും കട്ടിയുള്ള പരുത്തി
വസ്‌ത്രങ്ങളായിരുന്നു നബി(സ) ധരിക്കാറുണ്ടായിരുന്നത്.
വീട്ടിലുള്ള ആടു-മാടുകളെ
കുളിപ്പിക്കലും, പുല്ലുപറിക്കലും മേക്കലും പ്രവാചകന്‍ തന്നെയായിരുന്നു.
ചന്തയില്‍പോയി വീട്ടവശ്യത്തിനുള്ള വസ്‌തുക്കള്‍ വാങ്ങി ചുമന്നുകൊണ്ടുവരാറുള്ള
നബി(സ) വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുമായിരുന്നു.
മറ്റുള്ളവരുടെകൂടെ
ഭക്ഷണം കഴിക്കലായിരുന്നു പതിവ്. ചിലപ്പോള്‍ അവരുടെ കൂടെത്തന്നെ വീട്ടുപണികളും
ചെയ്‌തിരുന്നു. ലഘുവായ ഭക്ഷണ രീതി സ്വീകരിച്ച നബി(സ) സാധാരണക്കാരുടെ ഭക്ഷണ
ക്രമമാണ് ഇഷ്ടപ്പെട്ടത്. അല്‍പം കാരക്കയും, കുറച്ചു ശുദ്ധ ജലവും ഇതായിരുന്നു
നബി(സ)യുടെ സാധാരണ ഭക്ഷണം. 63 വര്‍ഷത്തിനിടയില്‍ ഒരിക്കലും വയര്‍നിറയെ
ആഹരിച്ചിട്ടില്ല. അയല്‍പക്കക്കാരന്റെ വിശപ്പറിയാന്‍ അവിടുന്ന് അനുയായികളെ
ഉപദേശിച്ചു. `അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ആഹരിക്കുന്നവന്‍
വിശ്വാസിയല്ലെന്ന്' പഠിപ്പിച്ചു.
തുടക്കം അല്ലാഹുവിനെ സ്‌തുതിച്ചുകൊണ്ടും
പ്രാര്‍ത്ഥന കൊണ്ട് അവസാനിപ്പിച്ചുമായിരുന്നു പ്രസംഗിക്കല്‍. ജനങ്ങള്‍ക്കഭിമുഖമായി
നിന്നാല്‍ സലാം പറയല്‍ നബി(സ)യുടെ രീതിയായിരുന്നു. ഇരുന്നു പ്രസംഗിക്കല്‍
അവിടുന്ന് പതിവാക്കിയില്ല. എന്നാല്‍ അവസാന പ്രസംഗം ഇരുന്നാണ്
നിര്‍വ്വഹിച്ചത്.
സ്വന്തം ഭനവങ്ങളില്‍പോലും ഓര്‍ക്കാപുറത്ത്
കയറിച്ചെല്ലാറില്ല. വീട്ടിലേക്കു വരുമ്പോള്‍ ആഗമനം അറിയിക്കുന്ന `ഒച്ചയനക്കല്‍'
പോലുള്ളത് ചെയ്യുമായിരുന്നു. പതിവുസമയം കഴിഞ്ഞും,. അസമയത്തും അവിടുന്ന്
ഭവനങ്ങളിലേക്ക് കയറി ചെല്ലാറുണ്ടായിരുന്നില്ല. വീട്ടുകാര്‍ക്ക് സലാം
ചൊല്ലിയായിരുന്നു കടന്നുവന്നിരുന്നത്.
മധ്യസ്ഥന്‍. സൈനിക നായകന്‍, ഭരണാധികാരി,
സമുദായനേതാവ്, പരിഷ്‌കര്‍ത്താവ്, കുടുംബനാഥന്‍, കച്ചവടക്കാരന്‍ തുടങ്ങി എല്ലാ
രംഗത്തും പൂര്‍ണ്ണ വിജയിയായിരുന്നു പ്രവാചകന്‍. ഹിജ്‌റാവസരം ഖുറൈശികളില്‍ ചിലര്‍
സൂക്ഷിക്കാനേല്‍പിച്ച `അമാനത്ത്' (സൂക്ഷിപ്പു പണം) തിരിച്ചേല്‍പ്പിക്കാന്‍ മഹാനായ
അലിയ്യ്(റ)വിനെ ചുമതലപ്പെടുത്തുന്ന സത്യസന്ധനായി പ്രവാചകനെ ചരിത്രം
പരിചയപ്പെടുത്തി. വിമര്‍ശകരോ, എതിരാളികളോ ഒരിക്കല്‍പോലും പ്രവാചകന്റെ വിശുദ്ധിയിലും
സത്യസന്ധതയിലും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഒരുപുരുഷായുസ്സിനിടെ ഒരു
പുഴുക്കുത്തുമേല്‍ക്കാതെയാണ് പ്രവാചകന്‍ ജീവിച്ചതെന്ന് ചരിത്രകാരന്മാര്‍
സാക്ഷ്യപ്പെടുത്തി. എതിരാളികള്‍ പ്രവാചകന്റെ ആദര്‍ശം അംഗീകരിച്ചില്ലെങ്കിലും
വ്യക്തിത്വം അംഗീകരിച്ചു, ആദരിച്ചു. ``അല്‍അമീന്‍'' (സത്യസന്ധന്‍) എന്ന്
മക്കക്കാര്‍ പ്രവാചകന് കല്‍പിച്ചു നല്‍കിയ സ്ഥാന നാമമാണ്.
23
വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന ഇസ്‌ലാമിക യുദ്ധങ്ങളില്‍ സ്വഹാബികള്‍ നയിച്ച 47
യുദ്ധങ്ങളും, നബി(സ) നേരിട്ടു നയിച്ച 27 യുദ്ധങ്ങളുമാണ് സംഭവിച്ചത്. ഈ
യുദ്ധങ്ങളില്‍ 8 എണ്ണത്തില്‍ മാത്രമേ സായുധ ഏറ്റമുട്ടല്‍ ഉണ്ടായുള്ളൂ. മറ്റുള്ളവ
സന്ധി സംഭാഷണത്തിലൂടെ പിരിയുകയായിരുന്നു. ഈ യുദ്ധങ്ങളിലെല്ലാം കൂടി 259
മുസ്‌ലിംകള്‍ക്കും, 759 മറ്റുള്ളവര്‍ക്കും, ആകെ 1018 പേര്‍ മാത്രമാണ്
കൊല്ലപ്പെട്ടത്. ഈ വസ്‌തുത മറച്ചുവെച്ചാണ് ഇസ്‌ലാമിന്റെ പേരില്‍ `യുദ്ധങ്ങള്‍'
ചില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചത്.
(സമസ്‌ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍
സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)