ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനം നാളെ തുടങ്ങും


മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ 48-ാം വാര്‍ഷിക 46-ാം സനദ്ദാന സമ്മേളനം വെള്ളിയാഴ്ച ഫൈസാബാദിലെ പി എം എസ്‌ എ പൂക്കോയ തങ്ങള്‍ നഗറില്‍  തുടങ്ങും. 16 വരെ നടക്കുന്ന പരിപാടികളില്‍ ആദര്‍ശ സമ്മേളനം, പ്രാര്‍ഥനാ സമ്മേളനം, മഹല്ല് പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, മാധ്യമസെമിനാര്‍ തുടങ്ങിയവ വിവിധ സെഷനുകളിലായിനടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍  സംബന്ധിക്കും.

14ന് നാലുമണിക്ക് ജാമിഅ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. സമ്മേളനം ഹൈദരാബാദ് ശൈഖുന്‍ ജാമിഅ നിസാമിയ്യ ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. അല്‍മുനീര്‍ പുസ്തക പ്രകാശനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും. ആദര്‍ശസമ്മേളനം സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള പ്രാര്‍ഥനാസമ്മേളനത്തിന് സമസ്ത വൈസ് പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര നേതൃത്വംനല്‍കും.

15ന് രാവിലെ ഒമ്പതുമണിക്ക് മഹല്ല് പ്രതിനിധി സമ്മേളനം നടക്കും. സമാപനദിവസമായ 16ന് രാവിലെ നടക്കുന്ന മാധ്യമസെമിനാര്‍ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് സംസ്ഥാന അധ്യക്ഷനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.

രാത്രി ഏഴുമണിക്ക് നടക്കുന്ന സമാപനസമ്മേളനം കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള ഉദ്ഘാടനംചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാനപ്രസംഗം നടത്തും.

ജാമിഅ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി ഹാജി.കെ.മമ്മദ് ഫൈസി, കണ്‍വീനര്‍ പി.പി. മുഹമ്മദ് ഫൈസി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.