ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍: ലാളിത്യത്തിന്റെ ആള്‍രൂപം

 വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ പണ്ഡിതനായിരുന്നു ഇന്നലെ വിടപറഞ്ഞ സമസ്ത കേന്ദ്ര മുശാവറാംഗം ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍. അറിവിന്റെ ഉന്നതങ്ങളില്‍ നിന്ന് ലളിതജീവിതം കൊണ്ട് വിസ്മയം തീര്‍ക്കുകയായിരുന്നു അദ്ദേഹം.
നാട്ടുകാര്‍ ഉപ്പ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന ഉസ്താദിന്റെ വിയോഗം പണ്ഡിത കുലത്തിന് തീരാ നഷ്ടമാണ്. കേരളമങ്ങോളം ഒട്ടേറെ പ്രാര്‍ത്ഥനാ സദസുകളെ ദീപ്തമാക്കിയ അദ്ദേഹം ജാതിമത ഭേദമന്യേ സ്വീകാര്യനായിരുന്നു. ഒരു നാട് മുഴുവന്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉസ്താദിന്റെ വീട്ടിലെത്തുന്നത് പതിവ് കാഴ്ചയായിരുന്നു. എത്ര വിഷമം പിടിച്ച പ്രശ്‌നമാണെങ്കിലും ഒടുക്കം പുഞ്ചിരിച്ച് കൈകൊടുത്ത് പിരിയുന്നത് കാണാം. അനാഥ സംരക്ഷണത്തിനായി ജീവിതകാലം ഉഴിഞ്ഞ്‌വെച്ച അദ്ദേഹം പാണക്കാട് പൂക്കോയ തങ്ങള്‍ നല്‍കിയ ഒരു രൂപയുമായിട്ടാണ് പെരുവള്ളൂര്‍ തന്‍വീറുല്‍ ഇസ്‌ലാം യതീംഖാനക്ക് ശിലയിട്ടത്.
1935 ല്‍ വേങ്ങരക്കടുത്ത ഇരിങ്ങല്ലൂരിലാണ് ഒ.കെ ഉസ്താദ് ജനിച്ചത്. ഒറ്റകത്ത് കുഴിക്കാട്ടില്‍ അര്‍മിയാഅ് മുസ്‌ലിയാര്‍ എന്നാണ് മുഴുവന്‍ പേര്. മുസ്‌ലിം സമുദായം ദാരിദ്ര്യത്തിന്റെ കൈപ്പുനീര്‍ കുടിക്കുന്ന അക്കാലത്ത് മത പഠന രംഗത്തെത്തിയ ഉസ്താദിന്റെ ആദ്യ ഗുരു ഉമ്മ തന്നെയായിരുന്നു. മുതഫരിദ് പോലുള്ള ചെറു ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ സ്വായത്തമാക്കിയത് ഉമ്മയിലൂടെയായിരുന്നു. തെറ്റുകൂടാതെ ഖൂര്‍ആന്‍ ഓതുന്ന മകനെ പിതാവ് രായിന്‍കുട്ടി ഹാജി കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ത്തു. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷത്തോളം കോട്ടുമല ഉസ്താദിന്റെ ശിഷ്യത്വത്തിലായിരുന്നു. ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത്, അബൂബക്കര്‍ ഹസ്രത്ത് , എം.എം ബഷീര്‍ മുസ്‌ലിയാര്‍, ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ ശിക്ഷണവും നേടിയിട്ടുണ്ട്.
വിവാഹശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ ഉപരി പഠനം. ശേഷം മലപ്പുറം കൊണ്ടോട്ടിക്കടുത്ത പുന്നത്ത് മഹല്ലില്‍ ആദ്യമായി ദര്‍സാരംഭിച്ചു. ഭൗതിക സാഹചര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന അക്കാലത്താണ് തന്റെ ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടത്. 23 വര്‍ഷം ഇവിടം തന്നെയായിരുന്നു സേവനം. ഇക്കാലത്ത് നാട്ടില്‍ പോയിവരാന്‍ ബുദ്ധിമുട്ടിയ അദ്ദേഹം താമസം വലക്കണ്ടിക്കടുത്ത കൂനൂള്‍മാട്ടിലേക്ക് മാറ്റുകയായിരുന്നു. കരിപ്പൂര്‍ പുന്നത്ത്, കുളത്തൂര്‍ പുതുപ്പള്ളി, കിഴിശ്ശേരി, കാരത്തൂര്‍, ചമ്രവട്ടം എന്നിവിടങ്ങളിലും മുദരിസായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
നാട്ടിലെ അനാഥരായ കുട്ടികളുടെ ദയനീയ സ്ഥിതി കണ്ട് കൊണ്ടാണ് ഉസ്താദ് അനാഥ സംരക്ഷണാര്‍ത്ഥം 1969 ല്‍ പെരുവള്ളൂര്‍ വലക്കണ്ടിയില്‍ തന്‍വീറുല്‍ ഇസ്‌ലാം യതീംഖാന പടുത്തുയര്‍ത്തിയത്. സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഓരോ ചുവടിലും ഉസ്താദിന്റെ കരങ്ങളുണ്ടായിരുന്നു. പ്രതിസന്ധികളില്‍ പതറാതെ യതീംഖാനയുടെ വളര്‍ച്ചക്കായി അക്ഷീണം പ്രയത്‌നിച്ചു. അനാഥകളോടൊപ്പം തന്നെയായിരുന്നു ഉസ്താദിന്റെ ജീവിതവും. തന്റെ സ്വാധീനവും ബന്ധങ്ങളും സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി ഉപയോഗിച്ചു.
മദ്രസയില്‍ പഠനമഭ്യസിച്ചിട്ടില്ലാത്ത, സ്‌കൂളില്‍ മൂന്നാം ക്ലാസുകാരന്‍ മാത്രമായ ഉസ്താദ് നാട്ടില്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ പുരോഗതിക്കാണ് നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ ദര്‍സുകളിലൂടെ വളര്‍ന്നവരാണ് ഇബ്രാഹീം പുത്തൂര്‍ ഫൈസി, ആനക്കര അബൂബക്കര്‍ ഫൈസി, ഹസൈനാര്‍ ഫൈസി, തുടങ്ങിയവര്‍. മുസ്‌ലിം സമുദായത്തിന്റെ നന്‍മക്കായി അവസാന നിമിഷവും ശാരീരിക അസ്വസ്ഥതകള്‍ മറന്ന് ഓടി നടന്ന ഒ.കെ അര്‍മിയാഅ് മുസ്‌ലിയാരുടെ വിയോഗത്തിലൂടെ സമുദായത്തിന് ഒരത്താണിയാണ് നഷ്ടമാവുന്നത്.- റഷീദ് ടി.കെ നീരോല്‍പലം