ദാറുല്‍ ഹുദാ ഓഫ് കാമ്പസ് ആസാമിലും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മൂന്നാമത് ഓഫ് കാമ്പസ് ആസാമില്‍ ദാറുല്‍ ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതവും ഭൗതികവുമായ അജ്ഞതയാണ് ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം. ഈ പരിതാപകരമായ അവസ്ഥക്ക് വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണ് പരിഹാരമെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ പദ്ധതികള്‍ രാജ്യവ്യാപകമാക്കുമെന്നും തങ്ങള്‍ പറഞ്ഞു. തലസ്ഥാന നഗരിയായ ഗുവാഹത്തിയില്‍ നിന്നും 65 കി.മി അകലെ ബോര്‍പ്പേട്ട ജില്ലയിലെ ബൈശ വില്ലേജില്‍ ദാറുല്‍ ഹുദാ സ്വന്തമായി വാങ്ങിയ ആറ് ഏക്കര്‍ ഭൂമിയിലാണ് പുതിയ ഓഫ് കാമ്പസ് യാതാര്‍ത്ഥ്യമായത്. ബൈശയിലെയും സമീപ പ്രദേശങ്ങളിലെയും നൂറുക്കണക്കിന് ഗ്രമാവാസികള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദാറുല്‍ ഹുദാ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ആന്‍ഡ് കണ്ടംപററീ സ്റ്റഡീസിന് കീഴില്‍ രൂപം നല്‍കിയ നാഷണല്‍ പ്രൊജക്റ്റിനു കീഴിലുള്ള ആസാം കാമ്പസിന് രണ്ട് വര്‍ഷം മുന്‍പാണ് ശിലയിട്ടത്. പ്രാഥമിക ഘട്ടം എന്ന നിലയില്‍ ആസാമിലെ വിവിധ കേന്ദ്രങ്ങളില്‍ ഓഫ് കാമ്പസിന് കീഴില്‍ മദ്രസ്സകളും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ കാമ്പസിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്കുള്ള ക്ലാസ് ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് അസം ഘടകം മുന്‍ പ്രസിഡന്റ് ദിലേര്‍ഖാന്‍, അബ്ദുല്‍ ഖുദ്ദൂസ്, പ്രൊഫ. റഫീഖുല്‍ ഇസ്‌ലാം, പ്രൊഫ. ഖാലിഖുസ്സമാന്‍, മുതീഉറഹ്മാന്‍, അക്കാഷ് അലി, ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി പ്രതിനിധികളായ കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University